Tuesday, February 4, 2014

കാര്‍ഷികം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍


നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വീടുപണി/ പുരമേച്ചില്‍ / വേലി കെട്ടല്‍ / പണിയായുധങ്ങള്‍ / ആഭരണങ്ങള്‍ ഉണ്ടാക്കല്‍ / വട്ടികൊട്ട കുട... …................

കാര്‍ഷിക അവധികളിലാണ്` മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊക്കെത്തന്നെ. കൃഷിപ്പണിക്കാലത്ത് എല്ലാവരും കൃഷിപ്പണിയില്‍ത്തന്നെ മുഴുകും. മറ്റൊരു നിര്‍മ്മാണക്രിയകളും ഇല്ല. എല്ലാം പാടത്തെ പണി കഴിഞ്ഞ്... നടീല്‍ കഴിഞ്ഞ്... കൊയ്ത്തുകഴിഞ്ഞ്... എന്നിങ്ങനെ. വളപ്പിന്ന് വേലികെട്ടല്‍, പറമ്പ് [കൃഷി] പണികള്‍ , കായ്കറിപ്പണികള്‍ എന്നിവയൊക്കെ ഒഴിവ് വേളകളിലാണ്`.
അവധിക്കാലം എന്നു മാത്രമല്ല, ചെലവിന്ന് / കൂലിക്ക് നെല്ല് കയ്യിലുള്ള കാലം, ഉപചാരപൂര്‍മായ പ്രധാന പണി [ കൃഷിപ്പണി ] കഴിഞ്ഞുള്ള കാലം എന്നിങ്ങനേയും ഇതിന്ന് പ്രാധാന്യമുണ്ട്. കൃഷിക്കാലത്തിന്ന് മുപോ പിമ്പോ ആണ്`, വീടുപണി, പുരമേയല്‍, റിപ്പയറുകള്‍ - വികസനം ,കിണര്‍ / കുളം നിര്‍മ്മാണം, പറമ്പുകൃഷി, വസ്തുവാങ്ങല്‍ / വില്‍ക്കല്‍ , പുതിയവ പാട്ടത്തിനെടുക്കൽ/ തിരിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവയൊക്കെ .

കൃഷിപ്പണിക്ക് മുമ്പ് കന്നുകാലികളെ വാങ്ങും. പണികഴിഞ്ഞാല്‍ മിക്കതും വില്‍ക്കുകയും ചെയ്യും. കറവക്കുള്ള പശു, ആട് എന്നിവയെ വാങ്ങലും വില്‍ക്കലും ഒക്കെ ഈ ഇടവേളകളിലാണ്`. പണിയായുധങ്ങള്‍ [ കരി/ നുകം / മരം / കൈക്കോട്ട് / വെട്ടുകത്തി .... ] വാങ്ങല്‍, നന്നാക്കിയെടുക്കല്‍ ഒക്കെ അവധികളിലാണ്`. വട്ടി, കൊട്ട, മുറം, പാത്രങ്ങള്‍ [ മണ്ണ് /ചെമ്പു / ഓട് ] ഉണ്ടാക്കിക്കലും / വാങ്ങലും ഇക്കാലത്തുതന്നെ. കൃഷിക്കാവശ്യമായവയും വീട്ടാവശ്യത്തിനുള്ളവയും ഇതിലുണ്ടാവും.പായ, തലയിണ, കിടക്ക, കട്ടില്‍, മേശ, കസേര.... ചിരവ, ചൂല്‍, എന്നിങ്ങനെ ഉള്ളവയും. വിരുന്നുകള്‍ , ക്ഷേത്രസന്ദര്‍ശനങ്ങള്‍ , വിവാഹങ്ങള്‍ എന്നിവയും ഇക്കാലത്താണ്`. പൂരം, വേല - ഉത്സവങ്ങള്‍ എന്നിവ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.
നാട്ടിലെ റോഡ്/ വഴി , പാലം പണികളും പാടത്തെ പണികഴിഞ്ഞേ ആലോചിക്കൂ. അപ്പോഴെ പണിക്ക് ആളെകിട്ടൂ. പാടത്തെ തിരക്കൊഴിഞ്ഞാല്‍ പണിക്കാര്‍ കല്ലുവെട്ട് , കിണര്‍ കുഴിക്കല്‍ , തേങ്ങയിടല്‍, വളപ്പുപണികള്‍ , ചായ / പലചരക്ക് കച്ചവടം, കന്നുകച്ചവടം, മരപ്പണി / മണ്ണുപണി / ലോഹപ്പണി , മതിലുകെട്ടല്‍, തുടങ്ങിയുള്ള വിവിധ മേഖലകളിലേക്ക് തിരിയും. ഉപജീവനവഴിയും അധികസമ്പാദ്യ വഴിയുമാണിവ.
വീട്ടുകാര്‍ക്ക് ആവശ്യമുള്ള ആഭരണപ്പണി [ സ്വര്‍ണ്ണപ്പണി ] ഇക്കാലത്താണ്`. സ്വര്‍ണ്ണം വാങ്ങി തട്ടാനെകൂട്ടി വീട്ടിലിരുത്തി പണിയെടുപ്പിക്കും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഏര്‍പ്പാടാണിത്. കല്യാണം, 28, കാതുകുത്ത്, സമ്മാനങ്ങള്‍ , സ്വന്താവശ്യങ്ങള്‍ … എന്നിവക്ക് പുതുതായി ഉണ്ടാക്കലും മാറ്റിയുണ്ടാക്കലും ആണ്` നടക്കുക. തട്ടാന്ന് കൂലി നെല്ലുതന്നെ. സമ്മാനമായി, പണികഴിഞ്ഞാല്‍ ഓണപ്പുടവ [ കോടിമുണ്ട് ] നല്‍കും. ഓരോ ദേശത്തും പണിയെടുക്കാനവകാശമുള്ള തട്ടാന്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ആശാരിപ്പണി, പുരപ്പണി [ കല്ലും മണ്ണും ] തുടങ്ങിയവക്കൊക്കെ ഓരോ ദേശത്തും അവകാശികള്‍ / ചുമതലയുള്ളവര്‍ ഉണ്ടായിരുന്നു.
ഏതുപണിയാണെങ്കിലും രാവിലെ 6 മണിയോടെ പണിക്കാര്‍ സ്ഥലത്തെത്തും. വൈകീട്ട് 6 മണിവരെ പണിയെടുക്കും. രാവിലെയുള്ള കഞ്ഞി, ഉച്ചഭക്ഷണം എന്നിവ വീടുകളില്‍ നല്‍കും. ചായ കാപ്പി ഏര്‍പ്പാടുകള്‍ ഇല്ല. സംഭാരം, പാനകം , കഞ്ഞിവെള്ളം തുടങ്ങിയവ ലഭ്യമായിരുന്നു. ഞാറുപറിക്കല്‍, കൊയ്ത്ത് മെതി തുടങ്ങിയ പണികള്‍ രാത്രിവരെ നീളും. എത്രവൈകിയാലും പണിതീര്‍ത്തുപോകുന്ന രീതിയായിരുന്നു പൊതുവെ.
കൂലിയൊക്കെ കുറവാണ്`. അതുതന്നെ മുങ്കൂറായി വാങ്ങിയിരിക്കുകയും ചെയ്യും. ഭക്ഷണമാണ്` പ്രധാന കൂലി. ആണിനും പെണ്ണിനും കൂലി വ്യത്യാസമുണ്ടായിരുന്നു. വേലികെട്ടാന്‍ വരുന്ന ആണിനും പെണ്ണിനും - മിക്കവാറും ഒരേ പണിയാണെങ്കിലും കൂലി വ്യത്യസമുണ്ടായിരുന്നു. എന്നും പണിയുള്ള ഒരു ഗ്രൂപ്പ് [ സ്ഥിരക്കാര്‍ ]മിക്ക തറവാടുകളിലും ഉണ്ടാവും. അവരേക്കാള്‍ കൂലി പ്രത്യേകമായി വിളിച്ചു കൂട്ടുന്നവര്‍ക്കു കൊടുക്കണമായിരുന്നു. പണിക്കാരെ വിളിക്കുന്നതില്‍ ജാതി മത വകതിരിവില്ലായിരുന്നു. മിക്കപ്പോഴും പണികളില്‍ ജാതിത്തിരിവുണ്ടായിരുന്നു. ജോലികളില്‍ സ്പ്ഷലൈസേഷന്‍ ജാതിപരമായിരുന്നു എന്നു തോന്നുന്നു. കെട്ടിടം പണിക്കും അലക്കാനും വേലികെട്ടാനും കന്നുപൂട്ടാനും ഒക്കെ ഓരോ ജാതിക്കാര്‍ക്ക് മികവുണ്ടായിരുന്നു. ആ ജോലികള്‍ അവരുടെ അവകാശം പോലുമായിരുന്നു. മറ്റു ജാതിക്കാര്‍ അതില്‍ കൈകടത്തില്ല. ആശാരി, മൂശാരി, മണ്ണാന്‍ തുടങ്ങി നിരവധി ജാതികള്‍ പ്രബലമായിരുന്നു. സ്ത്രീകള്‍ ക്കും പുരുഷന്മാര്‍ക്കും തൊഴില്പരമായ അവകാശങ്ങളുണ്ടായിരുന്നു.
നാളും പക്കവും 'നല്ല ദിവസവും ' ആഴ്ചപ്പാങ്ങും ഒക്കെ നോക്കിയാണ്` പണികളെല്ലാം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുക. എല്ലാറ്റിനും നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ട്. കാര്യങ്ങള്‍ ശുഭമായി അവസാനിക്കാന്‍ 'നല്ല ദിവസം ' നോക്കും. പണിക്കിടയില്ത്തന്നെ ഒഴിവുകള്‍ വരും. തട്ടകത്തെ പൂരം, വാവ്, കൊടിയ്യഴ്ചകള്‍ തുടങ്ങി പലദിവസവും ഒഴിവുണ്ടാകും. വിഷുത്തലേന്ന് നാട്ടിലെ ജ്യോത്സന്‍ [ പണിക്കര്‍] ആ വര്‍ഷത്തെ ഫലം, നല്ല ദിവസങ്ങള്‍ തുടങ്ങിയ സംഗതികളൊക്കെ ഗണിച്ച് ഒരു ഓല എല്ലാ തറവാട്ടിലും കൊടുക്കും. പ്രതിഫലമായി ജ്യോത്സന്ന് വല്ലതും കൊടുക്കും . വര്‍ഷഫലം എന്നാണ്` പറയുക. മഴ എങ്ങനെയാണ്`, എത്രയുണ്ടാവും തുടങ്ങിയ വിവരങ്ങളാണ്` ഓലയിലെ പ്രധാനപ്പെട്ട ഇനം.
നാടിന്റെ നന്മക്കാണ്` നാട്ടിലെ [ തട്ടകത്തെ ] ഉത്സവങ്ങളൊക്കെ. വേല, പൂരം, പാന, അയ്യപ്പന്‍ വിളക്ക്, ആട്ട്... തുടങ്ങിയ ഉത്സവങ്ങള്‍ പതിവാണ്`. എല്ലാവരുടേയും പങ്കാളിത്തമുണ്ടാകും. സവര്‍ണ്ണവിഭാഗക്കാരാണ്` മുന്‍പന്തിയില്‍ ഉണ്ടാവുക. കൃഷി, കന്നുകാലികള്‍ , മനുഷ്യര്‍ എന്നിവരുടെ അഭിവൃദ്ധിക്കാണ്` ഉത്സവങ്ങള്‍ . ദേവപ്രീതിവരുത്തുന്നത് ഭൗതികമായ അഭിവൃദ്ധിക്കുതന്നെയാണ്`. മഴക്കായുള്ള വഴിപാടുകള്‍ ചെയ്യാറുണ്ട്. മുട്ടറുക്കല്‍, തേങ്ങയുടക്കല്‍, പായസം, വിളക്ക് തുടങ്ങിയവ. പ്രാര്‍ഥനകളും പൂജയും ഒക്കെ ക്ഷേത്രങ്ങളിലും കാവുകളിലും മാത്രമാണ്`. സാധാരണനിലയില്‍ വീടുകളില്‍ പൂജാമുറികളില്ല. നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ അവരുടെ ഭരദേവതാ ക്ഷേത്രമുണ്ടാകും. തറവാടുകളില്‍ തൊടിയില്‍ പാമ്പും കാവും പറക്കുട്ടി, ചാത്തന്‍, കാളി പ്രതിഷ്ഠകളുണ്ടായിരുന്നു. അതൊന്നും ഇന്നത്തേപ്പോലെ വീട്ടിനകത്തല്ല. കാരണവന്മാര്‍ക്കായുള്ള പീഠങ്ങള്‍ വീട്ടിനകത്ത് മച്ചില്‍ ഉണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ പൂജയും. വീട്ടിലെ കാരണവന്‍മാര്‍ തന്നെയായിരിക്കും അപ്പോള്‍ പൂജാരി.
No comments:

Post a Comment