Tuesday, February 4, 2014

കാര്‍ഷികം പരിചരണം

കൃഷി - ശുശ്രൂഷ / പരിചരണം
ചാഴിക്കേട് / പുഴുക്കേട്/ വിത്ത് / നെല്ല് /അരി/ കന്നുകാലികള്‍ ചികില്സ / വ്യക്തി ചികില്സ …...............

കൃഷിയായിരുന്നു ജീവിതമെന്നതുകൊണ്ടുതന്നെ കാര്‍ഷികാരോഗ്യം വളരെ വളരെ പ്രധാനമായിരുന്നു. സമൂഹത്തിന്റെ ആരോഗ്യവും കൃഷിയുടെ ആരോഗ്യവും പരസ്പരബന്ധിതമായിരുന്നു.
കൃഷിക്കാരന്‍ എന്നും വിള ശ്രദ്ധിച്ചിരുന്നു. രാവിലേയും വൈകുന്നേരവും പാടത്ത് ചെന്ന് ഓരോ ചെടിയും നോക്കും.എന്നുമുള്ള നോട്ടമായിരുന്നു ഏറ്റവും വലിയ ശുശ്രൂഷ. രോഗബാധയുടെ ആദ്യ നിമിഷം തന്നെ പ്രതിവിധി ആലോചിച്ച് നടപ്പാക്കും. പാരമ്പര്യ അറിവുകളാണ്` സ്വത്ത്. അതു ധാരാളം എല്ലാര്‍ക്കും ഉണ്ടുതാനും.
വിത്തുതൊട്ട് ഞാറ് നെല്‍ച്ചെടി വരെ നിരവധി രോഗങ്ങള്‍ [ കേടുകള്‍ ] ഉണ്ടാവാറുണ്ട്. വിത്ത് ഉറകുത്തുക, പതിരാകുക, കുറുംചാത്തന്‍ കുത്തുക, പാറ്റ , ഞാറ് കരിയുക, മഞ്ഞളിക്കുക, മുരടിക്കുക... തുടങ്ങി നെല്ലില്‍ ചാഴി, പുഴു, കള, കട്ടയിടല്‍, കരുവാളിപ്പ്, മഞ്ഞളിപ്പ്, തവളവെട്ട്, എലിക്കേട്, .... തുടങ്ങിയവ നിരവധിയാണ്`. എന്നാല്‍ ഇതിനൊക്കെ പ്രതിവിധി സമ്പൂര്‍ണ്ണമായും ജൈവമായിരുന്നു. കൃഷിയാരംഭിക്കുമ്പോള്‍ തോലും വളവും വെണ്ണീറും , ചപ്പിട്ട് കത്തിക്കലും [കാച്ചിച്ചുടല്‍ ] തൊട്ട് പ്രതിരോധം ആരംഭിക്കും. പുഴുക്കേട് പ്രഭാതത്തിലെ മുറം വീശല്‍ കൊണ്ട് അകറ്റിനിര്‍ത്തും. സകലപുഴുക്കളേയും മുറം വീശിപ്പിടിക്കും...കൊല്ലും. കളപറിച്ചുകളയും. വിത്തിന്റെ കേടെല്ലാം ഉണക്കുകുറവുകൊണ്ടാണെന്നാണ്` കരുതിയത്. ഈര്‍പ്പം വിത്തിനെ നശിപ്പിക്കും. പുഴുക്കേട് മറ്റു കേടുകള്‍ മുന്‍കൂട്ടി കണ്ട് തോലും വളവും ഇടുന്നതുമുതല്‍ ശ്രദ്ധിക്കും.
കള, ചാഴി, പുഴു, വെള്ളക്കുറവുകൊണ്ടുള്ള ഉണക്ക്, കട്ടയിടല്‍ മഞ്ഞളിക്കല്‍ എന്നിവയാണ്` നെല്‍ചെടിക്ക് വരുന്ന പ്രധാന രോഗങ്ങള്‍ . വളരെ വലിയ നെല്പ്പാട ശേഖരങ്ങളില്‍പ്പോലും കളപറിച്ചു കളഞ്ഞും ചാഴിയെ വിലക്കിയും വീശിപ്പിടിച്ചും പുഴുവിനെ മുറം വീശിയും ഉണക്കിന്ന് വെള്ളം പാറ്റിയും കട്ടയിടല്‍ മഞ്ഞളിപ്പ് എന്നിവക്ക് തോലും വെണ്ണീരും പ്രയോഗിച്ചും സംരക്ഷിക്കുമായിരുന്നു. കൂടെ പ്രാര്‍ഥനയും വഴിപാടും മന്ത്രവാദവും [മന്ത്രം ചൊല്ലി ചാഴിയെ വിലക്കും ] അങ്ങനെ പലതും. എലിക്കേടിന്ന് കമ്പുനാട്ടി കൂമനെ വരുത്തി എലിയെ പിടിപ്പിക്കും.
നെല്ല്, വിത്ത് എന്നിവ നന്നായി ഉണക്കി സൂക്ഷിക്കും. എന്നാലും കുറിഞ്ചാത്തന്‍, പാറ്റ ശല്യം ഉണ്ടാവും അപ്പോള്‍ ചേറി വെടിപ്പാക്കി വീണ്ടും ഉണക്കും. കയ്പ്പന്‍വേപ്പിന്റെ ഇലയും തൊലിയും ചാക്കില്‍ / പത്തയത്തില്‍ കൂടെയുടും. പുകയ്ക്കും. അരിയില്‍ പുഴുത്തിരയ്ക്കും. പുഴുത്തിര ചേറിക്കളഞ്ഞ് വെടിപ്പാക്കും. എലിശല്യം പൂച്ചയെ വളര്‍ത്തി ഒഴിവാക്കും. കെണിവെച്ചു പിടിക്കും.
കന്നുകാലികള്‍ ക്ക് കുളമ്പുരോഗം, കൊരലടപ്പന്‍, വാതം എന്നിങ്ങനെ രോഗങ്ങള്‍ വന്നിരുന്നു. പച്ചമരുന്നുകള്‍ അറിയാമായിരുന്ന മൃഗവൈദ്യന്മാര്‍ എല്ലായിടത്തും ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കുതന്നെ മിക്കതും വശമായിരുന്നു. മഞ്ഞള്‍ , അട്ടക്കരി, ഉപ്പ്, അയമോദകം , വേപ്പില, ഇന്തുപ്പ്, അരിമുളക് എന്നിങ്ങനെയുള്ള നാട്ടുവൈദ്യക്കൂട്ടുകള്‍ ഉണ്ടാക്കി ചികില്‍സിക്കും. മിക്കതും അല്പ്പദിവസ വിശ്രമം കൂടിയാകുമ്പോള്‍ ഭേദവുമാകും. പൂട്ടുപോത്തുകളേയും കാളകളേയും ചെറുപ്രായത്തില്‍ മൂക്കുകുത്തുകയും വരിയുടയ്ക്കുകയും ചെയ്യും. ഇതിനുള്ള വിദഗ്ദ്ധര്‍ എല്ലാ നാട്ടിലും ഉണ്ടായിരുന്നു. പശുക്കളുടെ അകിടുവീക്കം വയറിളക്കം തുടങ്ങിയ രോഗങ്ങളും നാട്ടുവിദ്യകള്‍ കൊണ്ട് ചികില്‍സിക്കുമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ കന്നുകള്‍ ക്ക് ' കോഴിയെ കൊടുക്കുക' എന്നൊരു ചികില്സ ഉണ്ട്.
ആളുകള്‍ ക്കുള്ള ചികില്സയും താരതമ്യേന ലഘുവായിരുന്നു. വാത, പിത്ത, കഫ രോഗങ്ങള്‍ നാട്ടുവദ്യന്മാര്‍ ചികില്‍സിച്ചു ഭേദമാക്കിയിരുന്നു. മിക്ക ചികില്സയും ഗൃഹവൈദ്യമായിരുന്നു. അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും ചികില്സ [ ഒരു വിധം രോഗങ്ങള്‍ ക്കെല്ലാം ] അറിയാമായിരുന്നു. പ്രസവം പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ പോലും അനായാസം ഇവര്‍ കൈകാര്യം ചെയ്തിരുന്നു. വയട്ടാട്ടിമാര്‍, നാട്ടുവൈദ്യന്മാര്‍, മന്ത്രവാദികള്‍ , പ്രാര്‍ഥനകള്‍ , വഴിപാടുകള്‍ എന്നിങ്ങനെ ഒരു ചികില്സാപാക്കേജ് ഉണ്ടായിരുന്നു. സാധാരണനിലയില്‍ ഇതുകൊണ്ടൊക്കെ മാറും. ഭക്ഷണം, ദിനചര്യ, അദ്ധ്വാനം, കുളികുറി എന്നിവ പൊതുവെ ആളുകളെ ആരോഗ്യവാന്‍മാരാക്കി നിലനിര്‍ത്തി. കടുത്തരോഗങ്ങള്‍ ക്കുമുന്പില്‍ പലപ്പോഴും പകച്ചുനില്‍ക്കാനേ ആയിരുന്നുള്ളൂ. മാറാരോഗങ്ങള്‍ മുജ്ജന്മ പാപങ്ങളുടെ ഫലമാണെന്നായിരുന്നു വിശ്വാസം. ആയുര്‍വേദ ചികില്സ ഏറ്റവും തഴച്ചുവളര്‍ന്ന കാലം. കഷായം, ആസവം, ഗുളിക, ഘൃതം, രസായനം , തൈലം... തുടങ്ങിയവ വീട്ടുകാര്‍ തന്നെ മരുന്ന് ശേഖരിച്ച് നിര്‍മ്മിക്കുമായിരുന്നു. പ്രക്രിയ വൈദ്യന്‍ കുറിച്ചു കൊടുക്കും. ചില്‍സ മരുന്നു മാത്രമല്ല. മരുന്ന്, പഥ്യം, പ്രാര്‍ഥന, വിശ്രമം എന്നിങ്ങനെ ഒരു കൂട്ടം പ്രക്രിയകള്‍ ചേര്‍ന്നതാണ്` ചികില്സ. ക്ഷമയും ഈശ്വരവിശ്വാസവും പ്രധാനമായിരുന്നു. വലിയ രോഗങ്ങള്‍ ക്ക് ചികില്സ നല്ല ദിവസം നോക്കി, ജാതകം നോക്കിയൊക്കെയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ജാതകത്തില്‍ വലിയ വിശ്വാസമായിരുന്നു. എന്നാല്‍ വിവാഹത്തിന്ന് [ ഇന്നത്തെപ്പോലെ ] ജാതകം നോക്കിയിരുന്നില്ല. മുറപ്പെണ്ണിനേയോ / മുറച്ചെക്കനേയോ ആണ്` മിക്കവാറും വിവാഹം ചെയ്യുക. 'മുറ' എന്നതുതന്നെയാണ്` വലിയ പൊരുത്തം. നാള്‍ പ്പൊരുത്തം ചിലപ്പോള്‍ നോക്കിയിരുന്നു. വിവാഹ മുഹൂര്‍ത്തം മിക്കപ്പോഴും രാത്രിയായിരുന്നു. 'പുടവ കൊടുക്കലായിരുന്നു' വിവാഹച്ചടങ്ങ്. രാത്രി സദ്യയും.
വസൂരി മുതലായ വന്‍ രോഗങ്ങള്‍ ക്ക് മുന്നില്‍ നിസ്സഹായരായിരുന്നു. രോഗിയെ മാറ്റിപ്പാര്‍പ്പിക്കുകയും നോക്കാന്‍ 'നോട്ടക്കാരെ ' ഏല്പ്പിക്കുകയും ചെയ്യും. 'നോട്ടക്കാര്' നോക്കി മരിപ്പിക്കും എന്നേ ഉള്ളൂ. ചികില്സ പ്രാര്‍ഥന മാത്രം. മരണാസന്നനായ ആളെ നോകാന്‍ 'നോട്ടക്കാരു'ണ്ടായിരുന്നു. 'നോക്കി മരിപ്പിക്കുക' എന്നാണ്` പറയുക. നോട്ടക്കാരന്ന് മരണലക്ഷണങ്ങളും മരണമുഹൂര്‍ത്തവും ഒക്കെ അറിയാം. ചിരപരിചയമായിരുന്നു 'നോട്ടക്കാരന്റെ ' കൈമുതല്‍.
മന്ത്രവാദം ചികില്സയുടെ ഒരു ഭാഗമായിരുന്നു. ബാധ ഒഴിക്കല്‍, മന്ത്രിച്ചു ചരടുകെട്ടല്‍, ഉഴിഞ്ഞുകളയല്‍ , ഊതിയിറക്കല്‍... തുടങ്ങി നിരവധി വിധികളുണ്ടായിരുന്നു. ചിലവേറിയതും രഹസ്യമായിമാത്രം നടത്തുന്നവയായിരുന്നു മന്ത്രവാദം. വമ്പന്‍ മന്ത്രവാദികള്‍ ഓരോ നാട്ടിലും സജീവമായിരുന്നു. ചുട്ടകോഴിയെ പറപ്പിക്കുന്നവര്‍ .

No comments:

Post a Comment