Tuesday, February 4, 2014

കാര്‍ഷികം സാമ്പത്തികപ്രവര്‍ത്തനങ്ങള്‍
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍
ഭൂമി / പാട്ടം പണയം / കടം വീട്ടല്‍ -വാങ്ങല്‍ / സാധനങ്ങള്‍ ക്കുപകരം സാധനങ്ങള്‍ / ….............

കൃഷിയിടവും നെല്ലുമായിരുന്നു പ്രധാന സമ്പത്ത് . കന്നുകാലികള്‍ , പണിയായുധങ്ങള്‍ എന്നിവയും കൂടെ. പണിയെടുക്കാനുള്ള ആരോഗ്യവും കൂടെ ജോലിചെയ്യാന്‍ കഴിവുള്ള മക്കളും കൂറുള്ള കൂലിക്കാരും ദൈവാധീനവും - ഈ സമ്പത്തിലാണ്` മറ്റെല്ലാം നിലനിന്നത്.
ഭൂമി മുഴുവന്‍ ജന്മിയുടേതാണ്`. ദൂരെയുള്ള ഏതോ തമ്പുരാനാണ് യഥാര്‍ഥ ഉടമസ്ഥന്‍. ജന്മിക്ക് കാണം കൊടുത്ത് പാട്ടത്തിനെടുക്കും കാണക്കുടിയാന്‍. കാണക്കുടിയാന്‍ തന്റെ വിപുലമായ ഭൂസമ്പത്തിനെ പാട്ടക്കുടിയാന്‍ മാര്‍ക്ക് പാട്ടത്തിന്ന് നല്കും. ' കുഴിക്കൂറുചമയങ്ങളോടെ' കൈവശവകാശം നല്‍കുകയാണ്`. പാട്ടക്കുടിയാന്മാര്‍ കുറച്ചുകൂടി ലാഭത്തിന്ന് വീണ്ടും ഈ ഭൂമിയൊക്കെ പാട്ടത്തിന്ന് നല്‍കും. ഇത് 8-10 തലത്തില്‍ ആവര്‍ത്തിക്കും. അവസാനം തുണ്ടുഭൂമികളില്‍ കുടിയാന്മാര്‍ പണിയെടുക്കും.
12 വര്‍ഷത്തിനാണ്` പാട്ടക്കരാര്‍. അതു കഴിഞ്ഞാല്‍ പാട്ടം പുതുക്കും [ കൂട്ടും ] . 12 വര്‍ഷത്തിനിടക്ക് പിഴവുണ്ടായാല്‍ കരാറ് കഴിഞ്ഞാല്‍ 'ഒഴിപ്പിക്കും ' പുതിയവര്‍ക്ക് പാട്ടത്തിന്ന് നല്‍കും. ആര്‍ക്കും താഴെയുള്ളവരെ എപ്പോള്‍ വേണമെങ്കില്‍ ഒഴിപ്പിക്കാം. ഒഴിയാതിരിക്കാന്‍ യാതൊരവകാശവുമില്ല. പാട്ടം പ്രധാനമായും ഉണക്കിച്ചേറി പറനിറച്ച് [ പാട്ടപ്പറ ഒരു സവിശേഷ പറയാണ്`. സാധാരണ പറയേക്കാള്‍ 2 ഇടങ്ങഴിയെങ്കിലും അധികം വരും അളവ്.] മുറ്റത്ത് കൊണ്ടു ചെന്ന് അളന്നുകൊടുക്കുന്ന നെല്ലാണ്`. കുറച്ചധികം അളക്കണം . ഇനി ഉണക്കുമ്പോള്‍ പതിരോ മറ്റോ ഉണ്ടായി കുറഞ്ഞാലോ! അതുകൊണ്ട് 'പതിരുവാശി' കൂട്ടി അളക്കണം. കൂടെ കായ ചേന തുടങ്ങിയ പച്ചക്കറികള്‍ കരാറാക്കും. എണ്ണ, നെയ്യ് [ ഉരുക്കി അരിച്ച് അളന്ന നെയ്യ് !] എന്നിവയും.
കടം വീട്ടല്‍ മുഴുവന്‍ കൊയ്ത്തുകഴിഞ്ഞിട്ടാണ്`. കടം വാങ്ങുമ്പോഴേ ഇതനുസരിച്ച കരാര്‍ [ വാക്കാല്‍ കരാറും രേഖാമൂലമുള്ള കരാറും ] ഉണ്ടാവും. രേഖാമൂലമുള്ള കരാര്‍ പ്രോനോട്ട് [ പ്രൊമിസ്സറിനോട്ട് ] എന്നു പറയും.പണം, നെല്ല്, വസ്തുവകകള്‍ എന്നിവ കടമായി വാങ്ങും. പകരം മിക്കവാറും നെല്ലായിരിക്കും. അപൂര്‍വം അവസരങ്ങളില്‍ പണമായും ഉണ്ട്. പലിശ ഉള്ളതും ഇല്ലാത്തതും ഉണ്ട്. അതൊക്കെ സ്നേഹബന്ധങ്ങളില്‍ ഊന്നിയാണ്`. പലിശതന്നെ നേരേയുള്ളതും പരോക്ഷമായതും ഉണ്ട്. 10 പറനെല്ല് കടം വാങ്ങിയാല്‍ 11 പറ തിരിച്ചു കൊടുക്കണം എന്ന രീതിയില്‍ നേരിട്ടുള്ള പലിശ. ഇന്നത്തെ [കടം വാങ്ങുന്ന കാലം ]വിലനിശ്ചയിച്ച് അന്നത്തെ വിലയില്‍ [ കടം വീട്ടുന്ന കാലത്തെ ] തിരിച്ചുകൊടുക്കല്‍ പരോക്ഷ പലിശയാണ്`. എല്ലാവര്‍ക്കും ലാഭമുള്ള അവസ്ഥ എന്ന നിലയില്‍ ഇതു രണ്ടും കാണാം. സഹായവും സഹായത്തിന്ന് പ്രതിഫലവും ലാഭത്തിന്റെ ഭാഷയിലാവുകയാണ്`.
സാധനങ്ങള്‍ ക്കുപകരം സാധനങ്ങള്‍ എന്ന വാങ്ങല്‍ - വില്പ്പന രീതിയായിരുന്നു ഏറേ പ്രചാരം. പണം ഉപയോഗിച്ചുള്ള [ വെള്ളിയുറുപ്പിക ] വിപണി കുറവായിരുന്നു. നിലം ഉഴാന്‍ പോത്തുകളെ പകരം കൊടുക്കലായിരുന്നു പതിവ്. കൊയ്ത്ത് മെതി നടീല്‍ എന്നിവയും കുറേയൊക്കെ പകരം പണിയെടുക്കലായിരുന്നു. കൂലിയായിട്ടാണെങ്കില്‍ നെല്ലായിരുന്നു സര്‍വസാധാരണമായ കൂലി. കടകളില്‍ പണത്തേക്കാള്‍ നെല്ലായിട്ടാണ്` വിലകൊടുക്കുക. വിത്തിന്ന് വിത്ത് പകരം കൊടുക്കും. സംഭാവനകള്‍ ആള്‍ സഹായം [ man power], നെല്ല്, അരി, തേങ്ങ്, പച്ചക്കറികള്‍ , വാഴയില, വസ്ത്രം , നെയ്യ്, പാല്‍, മരം , കരിമ്പനപ്പട്ട, വൈക്കോല്‍ .... എന്നിങ്ങനെയയയിരുന്നു. കാഴ്ചകള്‍ , സമ്മാനങ്ങള്‍ , സഹായങ്ങള്‍ എന്നിവയും ഇതൊക്കെയായിരുന്നു.
നെല്ല് തന്നെയായിരുന്നു പ്രധാന കൃഷി. രണ്ടുപൂവല്‍ തീര്‍ച്ചയായും എടുക്കും. ഇടയ്ക്ക് മൂന്നാം പൂവല്‍ [ പുഞ്ച ]യും. മഴയെ ആശ്രയിച്ചാണ്` കൃഷി. വലിയ കുളങ്ങള്‍ , കിണറുകള്‍ , തോട്, നദി.. എന്നിവയേയും ആശ്രയിക്കും. നെല്‍ക്കൃഷിക്കു പുറമേ കായ്കറി, വാഴ, തെങ്ങ് എന്നിവയും വിളവായി ഉണ്ടായിരുന്നു. വാഴ, തെങ്ങ് എന്നിവ വരമ്പില്‍ മാത്രം. കായ്ക്കാറി വേനല്‍ ക്കാലത്തുമാത്രം. മിഥുനം കൃഷിക്കുമുമ്പ് കായ്ക്കറി വെട്ടിവലിക്കും. കായ്ക്കറി വില്പ്പന ഉദ്ദേശിച്ചല്ല. അവനനവന്റെ ആവശ്യത്തിന്ന് എന്നാണ്` സങ്കല്പ്പം . വേനല്‍ വിളകള്‍ വീട്ടിനകത്ത് അട്ടത്ത് വളകളില്‍ കെട്ടിത്തൂക്കും. മത്തന്‍, കുമ്പളന്‍, വെള്ളരി എന്നിവയാണ്` പ്രധാനം. ഉഴുന്ന്, മുതിര, എള്ള്, പയര്‍, ചീര, കൂര്‍ക്ക, ചേന, ചേമ്പ്, മരച്ചീനി, വള്ളിക്കിഴങ്ങ്, ശര്‍ക്കരക്കിഴങ്ങ്, എന്നിവയും അവിടവിടെ ഉണ്ടായിരുന്നു. കായ്ക്കറിയായി മത്തന്‍, വെള്ളരി, കുമ്പളന്‍, പയര്‍, മുളക്, വെണ്ട, വഴുതിന, ചീര, ചേമ്പ്, പടവലം, കയ്പ്പ, കക്കരി, അമര , തുവര എന്നിവയാണ്` പരക്കെ ഉണ്ടാവുക. നേന്ത്രവാഴക്കൃഷി പറമ്പിലും വളപ്പിലുമായിരുന്നു. പടര്‍വാഴയും കദളിവാഴയും മൈസൂര്‍പൂവനും നല്ല വിളവ് തരുമായിരുന്നു. പാടത്ത് മാത്രമല്ല, വളപ്പ്, പറമ്പ്, പള്ളിയാല്‍, തോട്ടുവക്ക്, പുഴവക്ക് ഒക്കെ കൃഷിയിടമായിരുന്നു. കായ്ക്കറിക്കു പറ്റിയ സ്ഥലം വാടകക്കെടുത്തിരുന്ന പതിവും ഉണ്ടായിരുന്നു. എല്ലാവരും കൂടിയാണ്` അദ്ധ്വാനം. വെള്ളം കെട്ടക്കോരിയെടുത്ത് നനച്ചുവേണം കൃഷി.

No comments:

Post a Comment