Tuesday, February 4, 2014

മറഞ്ഞുപോയ ഏടുകള്‍


കാര്‍ഷികം - മറഞ്ഞുപോയ ഏടുകള്‍പാടങ്ങള്‍ പൊന്നിന്‍നിറം പൂണ്ടു നീളെ
പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി
കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍
[ കുമാരനാശാന്‍ ]

ഒന്ന് - ഇതൊരു ഓര്‍മ്മപുതുക്കലാണ്` പഴമക്കാര്‍ക്ക്. രണ്ട് - സ്കൂള്‍ കുട്ടികള്‍ ക്കും പുതുതലമുറയ്ക്കും പുതുപാഠമാണ്`. മുന്‍തലമുറ നടന്നുപോന്ന വഴി ആധുനിക പരിസ്ഥിതിയില്‍ മാഞ്ഞുപോയിരിക്കുന്നു. നടന്നുപോന്ന വഴി ജീവിതവും സംസ്കാരവുമായിരുന്നു. ഇന്ന് തീര്‍ച്ചയായും പുതിയ ജീവിതവും പുതിയ സംസ്കാരവുമാണ്`. അതൊക്കെ സ്വാഭാവികം മാത്രവുമാകുന്നു.
ഓരോ സംസ്കാരത്തിനും അതിന്റേതായ മുദ്രകളുണ്ട്. ജീവിത മുദ്രകള്‍ . അത് ആചാരാനുഷ്ഠാനങ്ങളായോ ഭാഷയും പദാവലിയുമായോ രുചി ഗന്ധ സ്പര്‍ശ സ്വപ്ന ശബ്ദ സൂക്ഷ്മ മാത്രകളായി തലമുറകളിലുടനീളം ജീവകോശങ്ങളില്‍ മുദ്രപ്പെട്ടു കിടക്കും . നമ്മുടെ സൗന്ദര്യാസ്വാദനങ്ങളെ ഊര്‍ജ്വസ്വലമാക്കുന്നതു ഇതുകൂടിയൊക്കെ ചേര്‍ന്നുകൊണ്ടാണ്`. സര്‍ഗവ്യാപരങ്ങളില്‍ ആദിമസംസ്കൃതികള്‍ തൊട്ടുള്ള തുടര്‍ച്ചകള്‍ ഉണ്ട്.
'കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ
പിന്നയെത്രയോ കൊയ്ത്തുപാടത്തിൽ '
ഈ തുടർച്ച വൈലോപ്പിള്ളി കന്നിക്കൊയ്ത്തിൽ പറയുന്നുണ്ട്. അതുണ്ടാവുമ്പോഴേ സൃഷ്ടിയും ആസ്വാദനവും ഒക്കെ സര്‍ഗാത്മകവും സാര്‍ഥകവും ആവുന്നുള്ളൂ. കവിത, കഥ, നോവല്‍, നാടകം... എന്തുമാവട്ടെ അതിലെല്ലാം ഈ പഴമയുടെ മുദ്രകള്‍ നിറയെ ഉണ്ട്. ഈ പഴമയെക്കുറിച്ചുള്ള ഉള്‍ ക്കാഴ്ച ഉണ്ടാകുമ്പോഴെ വായനക്കാരന്ന് - കൃതി പഠിക്കുന്ന ആള്‍ ക്ക് അങ്ങേയറ്റംവരേയുള്ള ആസ്വാദനം സാധ്യമാകുന്നുള്ളൂ.
എന്നാല്‍ ഇതൊന്നും ആസ്വദിക്കാനായില്ലെങ്കില്‍ ഒന്നുമില്ല എന്ന സോപയോഗ / നിരുപയോഗ വാദം സ്കൂള്‍ പാഠങ്ങളില്‍ ആര്‍ക്കുമാവില്ല . പഠിക്കാനുള്ള കഥ, കവിത, നോവല്‍, ഉപന്യാസം, കുറിപ്പുകള്‍ … എന്നിവയിലെല്ലാം ഈ സാംസ്കാരികസൂചനകള്‍ നിറയെ ഉണ്ട്.‌‌ അതൊക്കെ ഒഴിവാക്കി പഠിക്കാന്‍ കുട്ടിക്ക് അനുവാദമില്ല. ഇതെല്ലാം നന്നായി ആസ്വദിക്കാനാവുമ്പോഴേ പഠനം നന്നായി നടക്കൂതാനും. കുട്ടിയും ഒരു പരിധിവരെ അദ്ധ്യാപികയും ഇതില്‍ അസമര്‍ഥരാവുകയാണ്`. വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത് ' പഠിപ്പിക്കുമ്പോള്‍ അദ്ധ്യാപിക ഇതെന്തു കൊയ്ത്താണെന്ന് പതറുന്നുണ്ട് പലപ്പോഴും എന്നാണനുഭവം. 'കാണം വിറ്റും ഓണം ഉണ്ണണം ' എന്ന ചൊല്ലിലെ 'കാണം ' എന്താണെന്ന് ശരിക്കറിയുന്നവരുടെ എണ്ണം കുറവാണല്ലോ. ആ സംസ്കൃതിപരിചയം ഇന്ന് സജീവതയില്‍ ലഭ്യമല്ല എന്നുതന്നെ കാരണം.
പഴമയുടെ വിശാലമായ ലോകത്തെ 'വള്ളുവനാടന്‍ നെല്‍കൃഷി ' എന്ന ചെറിയൊരുമണ്ഡലം മാത്രമാണിവിടെ സമാഹരിക്കാന്‍ ശ്രമിക്കുന്നത്. കുട്ടികള്‍ പഴമക്കാരുമായി വര്‍ത്തമാനം പറഞ്ഞ് ഒരുക്കൂട്ടിയവ.[അനുബന്ധം 1 ] ചെറുതെങ്കിലും സാംസ്കാരിക പഠനത്തില്‍ ഇതിനൊരു സ്ഥാനം ഉണ്ടെന്ന് കരുതുന്നു . അതിനേക്കാളധികം ഈ അറിവുകള്‍ ക്ളാസ്‌‌മുറിയിലെ കാവ്യാസ്വാദന പ്രവര്‍ത്തനങ്ങള്‍ കുറേകൂടി ഫലപ്രാപ്തിയിലെത്തിക്കുമെന്നും കരുതാം. കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും അറിവുള്ളവരില്‍ നിന്ന് ഉണ്ടാകണം. അപ്പോള്‍ സമഗ്രമാവും. അതാഗ്രഹിക്കുന്നുമുണ്ട്.

2 comments:

  1. നന്ദി മാഷെ...ഞാനും ഓർത്തുവയ്ക്കുന്നു...

    ReplyDelete