Tuesday, February 4, 2014

കന്നുകാലികള്‍

പഴമകൾ ഇന്നു കുട്ടികൾക്കു പുതുമ!!

നമ്മുടെ പഴയകൃഷിക്കാർ കൃഷി ഒരു ജിവിതരീതിയായി സ്വീകരിച്ചവരായിരുന്നു.അതുകൊണ്ടു തന്നെ കൃഷിയും അനുബന്ധ ഘടകങ്ങളായ...കന്നുകാലികൾ,പണിയായുധങ്ങൾ,വിത്തും വിളയും,ആചാരങ്ങൾ,ആഘോഷങ്ങൾ, പ്രാർഥനകൾ എല്ലാം തന്നെ അവന്റെ ദൈനംദിന ജീവിതവുമായി ഇഴചേർന്നു കിടന്നിരുന്നു.അതിൽ ചിലതു നോക്കൂ.

കന്നുകാലികൾ
(‘കന്നു‘കൾക്ക് കാലുമുളക്കുമ്പോളാണു കന്നുകാലികൾ ഉണ്ടാവുന്നത് : ആധുനികകവിത)

കന്നുകാലികളെ ‘മിണ്ടാപ്രാണികൾ‘ എന്നാണു പറയുക.മിണ്ടാനാവിലെങ്കിലും അവർക്കു പറയാനുള്ളതൊക്കെ പറയാനും അതൊക്കെ കേൾക്കുന്നവർക്കു മനസ്സിലാക്കാനും സാധിച്ചിരുന്നു.ഇതു ‘മിണ്ടാപ്രാണികൾ’ ക്ക് അറിയുകയും ചെയ്യാമായിരുന്നു.അപ്രകാരമായിരുന്നു കന്നുകാലികളുമായുള്ള ഇടപെടലുകൾ.സംസാരിക്കാനാവില്ല എന്നതൊഴിച്ചാൽ മനുഷ്യജ്ജീവികൾക്കു തുല്യ നില ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു.
പൊതുവെ എല്ലാ വീടുകളിലും കന്നുകാലികൾ ഉണ്ടായിരുന്നു.ഇതിൽ പ്രധാനമായും പശു,കാള (മൂരി),പോത്ത്,(അപൂർവ്വമായി മാത്രം എരുമ),ആട് എന്നിവയായിരുന്നു. കോഴി,താറാവ്,പട്ടി എന്നിവ കന്നുകാലിഗണത്തിൽ ഇല്ല.മേൽ‌പ്പറഞ്ഞവയൊക്കെ മുതിർന്നവരും കുട്ടികളും ഉണ്ട്.പശു-പശുക്കുട്ടി,പോത്ത്-പോത്തിന്റെ കുട്ടി എന്നിങ്ങനെ.സംരക്ഷണത്തിന്ന് തൊഴുത്ത് എന്ന സംവിധാനം ഉണ്ട്.

തൊഴുത്ത്
(ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല:പഴമൊഴി)

വലിയതൊഴുത്തുകൾ കുടുംബത്തിന്റെ ഐശ്വര്യമായി കരുതിയിരുന്നു. വിവാഹത്തിന്നു പെണ്ണ് അന്വേഷിച്ചെത്തുന്ന ദല്ലാളന്മാർ മുറ്റത്തെ വൈക്കോൽ കുണ്ടയും തൊഴുത്തും ആണു ആദ്യം വിവരിക്കുക.തൊഴുത്തിൽ പശു,മൂരി, പോത്ത് എന്നിവ നിരന്നു നിൽക്കുന്നുണ്ടാവും.ആടിന്നു ചെറിയ കൂടാണു ഉണ്ടവുക.തൊഴുത്തു വാസ്തുശാസ്ത്ര പ്രകാരം വീടൊടു ചേർന്ന് പ്രധാനസ്ഥലത്താണു നിർമ്മിക്കുക. മിക്കവയും കരിമ്പനപ്പട്ട കൊണ്ടു മേഞ്ഞതായിരിക്കും.എല്ലാ കൊല്ലവും പുതിയ പനമ്പട്ട കൊണ്ട് കെട്ടി മേയണം.അന്നു സദ്യ വേണം. വീട്ടുകാരുടെ ധനസ്ഥിതിവെച്ചു ഓടുമേഞ്ഞ തൊഴുത്തുകളും കുറവല്ല.തൊഴുത്തിൽ തേക്കു, പൂവ്വം,വാക എന്നീ മരക്കുറ്റികൾ കൊണ്ട് കള്ളികൾ തിരിച്ചിരിക്കും. 5കള്ളി,7കള്ളി,9കള്ളി  എന്നിങ്ങനെയാണു വലിപ്പം പറയുക.ഈ കള്ളികളിലാണു കാലികളെ കെട്ടുക.കള്ളികളിൽ ശരിയായി കെട്ടിയാൽ മുൻ ഭാഗത്തെ പുല്ലുവട്ടിയിൽ നിന്നു സുഖമായി തിന്നാം..അല്ലെങ്കിൽ തിക്കിതിരക്കാതെ സുഖമായി കിടക്കാം.തിരിഞ്ഞും മറിഞ്ഞും കിടക്കാൻ ഒരു വിഷമവും ഇല്ല. കിടക്കാൻ കരിമ്പനത്തടികൊണ്ടുള്ള പാത്തികൾ വിരിച്ചിരിക്കും.ഇതില്ലെങ്കിൽ കന്നിനു വാതം പിടിക്കും.കള്ളന്മാർ കയറാതിരിക്കാൻ തൊഴുത്തിന്നു വാതിലും പൂട്ടും ഉണ്ടാവും.തൊഴുത്തു എന്നും ചാണകം മൂത്രം എന്നിവ തുടച്ചുകളഞ്ഞു വൃത്തിയാക്കും.ഈച്ച കൊതുക് ശല്യം ഒഴിവാക്കാൻ കാട്ടു തുളസി വേരോടെ പറിച്ചെടുത്തു തൊഴുത്തിൽ കെട്ടിത്തൂക്കും.ഇടക്കു വേപ്പെണ്ണ തളിക്കുകയും ചെയ്യും.

കാലികൾക്കു ഓമനപ്പേരുകൾ
(വേലിചാടിപ്പയ്യിന്റെ മകൾ മതിലു ചാടും: പഴമൊഴി)

മനുഷ്യർക്കുള്ളപോലെ കാലികൾക്കും ഓമനപ്പേരുകൾ ഉണ്ട്.പശുക്കുട്ടികൾ,പോത്തുങ്കുട്ടികൾ എന്നിവക്കു ഓമന,അമ്മു,മണി,കുട്ടൻ,വേശ,അമ്പാടി തുടങ്ങിയവ പതിവാണു.വളർന്നു വലുതാകുന്നതോടെ പേരുകളും മാറും.പശുവിന്ന് നീലി,കറുമ്പി,കൊമ്പി,കാളി,അമ്മിണി,ചൂട്ടി,അമ്മാളു,മൊട്ടച്ചി എന്നും മൂരികൾക്ക് മണിയൻ,ചൂട്ടൻ,മാണിക്യൻ,മുത്ത്,ചോപ്പൻ എന്നും പോത്തുകൾക്ക് ചെമ്പൻ,കാരി,മട്ട ,കൂളൻ എന്നും ഒക്കെയാണു പേരുകൾ. പേരുവിളിച്ചാൽ ഇവയൊക്കെ മറുപടിയായി
അമറും,അടുത്തുവരും,കൈനക്കും,തലയിളക്കും.

അലങ്കാരങ്ങൾ
(കാക്ക കുളിച്ചാൽ കൊക്കാകുമോ: പഴമൊഴി)

കന്നുകാലികൾക്കും ആഭരണങ്ങളും അലങ്കാരങ്ങളുമുണ്ട്.കഴുത്തിൽ കമ്പിളിച്ചരട് അതിൽ ശംഖു,കുടമണി,മന്ത്രം ജപിച്ച ചരട്,തകിടുകൾ,ഇരുമ്പ് /ഓട്  ചങ്ങല എന്നിവ ഉണ്ടാവും.നെറ്റിയിൽ മിക്കതിനും വെളുത്ത ചൂട്ട് /അടയാളം ഉണ്ടാവും.കുളമ്പിന്റെ മുകളിൽ വെളുത്ത ഒരു പാടു..പാദസരം പോലെ ജന്മനാ ഉണ്ടാവും.കൊമ്പുകൾ മുറിച്ചു മിനുക്കിയിരിക്കും.കാളകൾക്കു കൊമ്പിൽ ചായം അടിക്കും.നീണ്ട രോമങ്ങൾ വെട്ടിയൊതുക്കും.നല്ലെണ്ണ തേപ്പിക്കും..മൂക്കു കുത്തും.മൂക്കുകയറ് (പീഡനം തന്നെ) നല്ല ഭംഗിയുള്ള ചരട് ആയിരിക്കും.ഈ ചരട് ഒരു ഇരുമ്പ്/പിച്ചള/ചെമ്പ്/ഓട് വളയത്തിലാവും.നെറ്റിയിൽ ചരട്,മണികൾ എന്നിവ അധികവും പശുക്കൾക്കും കാളകൾക്കും അണ്. (മകനുണ്ടായ സന്തോഷത്തിൽ രാജാവ് കൊമ്പും കുളമ്പും സ്വർണ്ണം കെട്ടിച്ച് ആയിരം വെളുത്ത പശുക്കളെ മഹാബ്രാഹ്മണർക്കു ദാനം ചെയ്തതു എന്നു വായിച്ചിട്ടില്ലേ) വണ്ടിക്കാളകൾക്ക് കുളമ്പിൽ ലാടം തറയ്ക്കും. കുളമ്പിന്റെ സുരക്ഷക്കാണിതു.നീണ്ട വാലു പശുക്കൾക്കും കുറുകിയ വാലു പോത്തുകൾക്കും നല്ല ലക്ഷണം ആണു.പൂഞ്ഞ,രോമച്ചുഴി,ചൂട്ട്,കൂട്ടിമുട്ടിഉരയാത്ത പിങ്കാലുകൾ,വിശാലമായ കണ്ണാടി എന്നിവയും നല്ല ലക്ഷണങ്ങൾ .ചിലപശുക്കൾക്ക് നെറ്റിയിൽ ഒരു മുഴ കാണും.അതിൽ ഗോരോചനം ഉണ്ടാവും എന്നാണു പറയുക.കഴുത്തിൽ ചില പശുക്കൾക്കു ഒരു ചെറിയ മുട്ടി കെട്ടിതൂക്കും..ഇതു അലങ്കാരം അല്ല. വേലി ചാടാതിരിക്കാനാണ്` .അന്യന്റെ വളപ്പിലേക്കു ചാടിയാൽ വഴക്കിനു അതു മതി. [ വേലിചാടിപ്പയ്യിന്റെ മകള്‍ മതിലുചാടും ]
എന്നും വെള്ളത്തിലിറക്കും.കുളിപ്പിക്കും.തേച്ചു ഉരച്ചു കുളിപ്പിക്കൽ ആഴ്ച്ചയിരൊരിക്കലേ ഉള്ളൂ. പണിയുള്ള പോത്തുകളെ പണികഴിഞ്ഞാൽ തേച്ചു കുളിപ്പിക്കും.ചെളി വെള്ളം കണ്ടാൽ പോത്തിന്നു വലിയ ഇഷ്ടം ആണു. അതിൽ കിടന്നു മറിഞ്ഞു കളിക്കും.ശരീരത്തിലെ ചൂടു പോക്കാനാണെന്നാ പറയുക.    തോട്ടിലോ,നദിയിലോ,വഴിക്കുളങ്ങളിലോ ആണു കുളി. കുറേ നേരം കാലി വെള്ളത്തിൽ നീന്തിക്കളിക്കും.അപ്പോളേക്കും ചേറും ചെളിയും ഇളകും.പിന്നെ “ചൌളി’കൊണ്ട് തേച്ചുരക്കും.കരിമ്പനഓല ചെറുതായി ചീന്തിയെടുത്തു ചുറ്റി ഒതുക്കി യെടുക്കുന്ന ബ്രഷ് ആണു ചൌളി. അതുകൊണ്ടു തന്നെയാണു കന്നുകഴുകുന്നയാൾ സ്വന്തം കൈകാലുകളും ഉരക്കുക.ധാരാളം വെള്ളം തേവി വൃത്തിയാക്കും.

സുഖമായി ഇഷ്ട ഭക്ഷണം
(വയറു നിറഞ്ഞപ്പോ പിടിച്ചാ നിക്കാതായി: ശകാരം )

ഭക്ഷണകാര്യത്തിൽ കന്നുകാലികൾക്ക് യാതൊരു പ്രയാസവും ഉണ്ടാവാതെ നോക്കും.കൊല്ലം മുഴുവൻ തിന്നാനുള്ള വൈക്കോൽ കൊയ്ത്തുകാലത്തു സൂക്ഷിച്ചു വെക്കും.ഉണക്കി വെടിപ്പാക്കി വലിയ ‘ കുണ്ട’ യാക്കി മുറ്റത്തു ഉണ്ടാവും.കുണ്ടയുടെ അടിയിൽ നിന്നു ചെറിയകെട്ടുകൾ ‘വൈക്കോൽകന്നു’ വലിച്ചെടുത്തു യഥേഷ്ടം കൊടുക്കും.പുല്ലു വട്ടിയിൽ ഇട്ടുകൊടുക്കുകയണു പതിവ്.പച്ചപ്പുല്ലു എന്നും ശേഖരിക്കും.കറവുള്ള പശുക്കൾക്കും കുട്ടികൾക്കും പച്ചപ്പുല്ലു കൊടുക്കും.പച്ചപ്പുല്ല് എത്ര കൊടുത്താലും രാത്രി വൈക്കോൽ തന്നെ വേണം.ഇതിനു പുറമേ കാലത്തിനനുസരിച്ചു ഉഴുന്നു,മുതിര എന്നിവയുടെ ചണ്ടി ഉണ്ടാവും.
വെള്ളം ധാരാളം. വലിയതൊട്ടികളിൽ നിറച്ചു വെക്കും.ഇതിനു പുറമേ ‘കഞ്ഞി’ കൊടുക്കും.രാവിലെ ആദ്യം കഞ്ഞിയാണു.തവിടും പരുത്തിക്കൊട്ടയും (നന്നായി അരച്ചു) ചേർത്തു തിളപ്പിക്കും.മുതിര ഉഴുന്നു,പിണ്ണാക്ക് (തേങ്ങ,എള്ള്,കടല) എന്നിവ പണിയെടുക്കുന്ന കാലികൾക്ക് കൊടുക്കും.കഞ്ഞിത്തൊട്ടിയിൽ നിറക്കു വെക്കും.അതിന്നടുത്തു കാലികളെ അഴിച്ചു കൊണ്ടുവന്നു കുടിപ്പിക്കും.ഇഷ്ടം പോലെ കുടിക്കും.നന്നായി കഞ്ഞി കുടിച്ചാൽ വീട്ടുകാരന്നു സമാധാനമാവും.കഞ്ഞികുടി കുറഞ്ഞാൽ കാലിക്ക് എന്തോ അസുഖമുണ്ടെന്നാണു കരുതുക.പലപ്പോഴും കഞ്ഞി തൊഴുത്തിൽ കൊണ്ടു ചെന്നു കൊടുക്കും.ചിലകാലികൾക്ക് കഞ്ഞിക്കു ഉപ്പ് വേണം.പശുക്കുട്ടികൾക്ക് അരിവാർത്തകഞ്ഞിവെള്ളം ഉപ്പിട്ടു കൊടുക്കും. കഞ്ഞിത്തൊട്ടി ഒരു വലിയ സംഭവം തന്നെ.അടുക്കളയിൽ വരുന്നബാക്കിയൊക്കെ കഞ്ഞിത്തൊട്ടിയിൽചേരും.പഴം,പച്ചക്കറി,വാർത്തകഞ്ഞി,ചോറ്,പായസം...എല്ലാം.മാംസം മീൻ എന്നിവ ഒരിക്കലും ഉണ്ടാവില്ല.ഇതോടൊപ്പം കരിമ്പനപ്പഴം (കാലത്തിനനുസരിച്ച്) പിഴിഞ്ഞുചേർക്കും.വാഴങ്ക്കൂമ്പ്,മുളങ്ക്കൂമ്പ്,പനനൊങ്ക്,മാമ്പഴം,ചക്കപ്പഴം,ചക്കയുടെ മടൽ(ഇതൊക്കെ വേവിക്കാതെയും തിന്നും) എന്നിവയും വേവിച്ചുചേർക്കും.കാലികൾ വളരെ സ്വാദോടെ കഞ്ഞികുടിച്ചു തലയാട്ടി നിൽക്കും.

ദിവസത്തിൽ രാവിലെ കഞ്ഞിയും ബാക്കി സമയം വെറും വെള്ളമോ പിണ്ണാക്കു ചേർത്ത വെള്ളമോ ആണു കൊടുക്കുക.വെള്ളം കിട്ടാൻ വൈകിയാൽ അമറും.അതുകേട്ടാൽ അറിയും.ആടുകൾക്കു പ്ലാവിലയും തവിട്,പിണ്ണാ‍ക്കു വെള്ളവുമാണ്` പഥ്യം.

പ്രായം
(തന്തക്കാച്ചാ പ്രായായി...മൂരി ഓട്ടോം തുടങ്ങി: ചൊല്ലു)

സാധാരണ 20-22 വർഷം ആണു കാലികളുടെ പ്രായം.വയസ്സ് കൊല്ലക്കണക്കിനല്ല പറയുക.ജനിക്കുമ്പോൾ തന്നെ പല്ലുകൾ ഉണ്ടാവും.അതു പ്രായമവും തോറും പറിഞ്ഞു പോയി പുതിയ ഉണ്ടാവും.ഒരു പ്രാവശ്യമേ ഉണ്ടാവൂ.2 പല്ലു കൊഴിഞ്ഞു പോയി പുതിയതു വന്നാൽ 2 പല്ലു പ്രായം.മൂന്നരവയസ്സു കാണും.പോത്തുകളേയും മൂരികളേയും ഒക്കെ അപ്പോൾ പൂട്ടാൻ (ഉഴാൻ) തുടങ്ങും.പിന്നെ 4 പല്ലു പ്രായം.പിന്നെ 6 പല്ലു...14-15 വയസ്സകുമ്പോൾ ‘പല്ലൊത്തു ‘ എന്നു പറയും.പിന്നെ പല്ലുകൾ കൊഴിയും.വാർധ്യക്യം.പല്ലുകൾ കൊഴിഞ്ഞുതുടങ്ങിയാൽ തീറ്റ പ്രയാസമാണു. അയവെട്ടൽ നടക്കില്ല. പിന്നെ പണിയെടുപ്പിക്കും ഇല്ല.

ഉപയോഗം
(വെണ്ണയുണ്ടെനിക് നറുനെയ് വേറിട്ടു കരുതേണമോ: കവിത.)

കന്നുകാലികൾ സമ്പത്താണ്` .രാജക്കന്മാർ പണ്ട് കന്നുകാലികളെ (ശത്രുക്കളുടെ) തട്ടിയെടുത്തിരുന്നു. സാധനങ്ങളുടെ വിൽ‌പ്പന-വാങ്ങലുകൾക്ക് കന്നുകാലികളായിരുന്നു ‘പണം’ . എത്ര ശത്രുതയുണ്ടെങ്കിലും കന്നുകാലിയേയും വിളയേയും ദ്രോഹിക്കരുതെന്നാണു പണ്ടുള്ളവർ പറയുക.
പശുക്കളെ വളർത്തുന്നതു പാലിനാണു.കുട്ടികളേയും കിട്ടും.മൂരിയെ പ്രധാനമായും കാളവണ്ടിക്കാണു. വെള്ളം തേവാനും (കാളത്തേക്ക്) ആവശ്യമുണ്ട്. എണ്ണ ആട്ടിയെടുക്കുന്ന ‘ചക്ക്’ തിരിക്കാൻ കാള വേണം.ഒരു പണിക്കു ഉപയോഗിക്കുന്നതിനെ മറ്റൊന്നിനും ഉപയോഗിക്കില്ല.‘ ചക്കിനു കെട്ടിയ കാളപോലെ‘ എന്നാണു ചൊല്ലു.വിത്തുകളകൾ വലിയ പോക്കിരികളായിരുന്നു.കുട്ടികൾക്കും മുതിർന്നവർക്കും പേടിയുള്ളവ.‘പൊതിക്കാളകൾ’ ഉണ്ടായിരുന്നു. ഭാരം ചുമക്കാൻ.ഏതു വഴിക്കും നടക്കും.
പോത്തുകൾ വയൽ ഉഴാനുള്ള (പൂട്ടാൻ) വയാണു.ഇതിന്നായി അവയെ ധാരളം വളർത്തും.നല്ല ഒരു കൃഷിക്കാരന്നു 3-4 ജോടി കന്നുകൾ പല പ്രായത്തിൽ കാണും.(4 പല്ല്) മട്ടപ്പോത്തുകളാണു ഏറ്റവും മികച്ചവ.‘കൂള‘ന്മാരും ഉഷാറായി പണിക്ക് പറ്റും .അപൂർവ്വമായേ പോത്തിൻ വണ്ടികൾ ഉള്ളൂ. കാളകളുടെ ഉയരം ഇല്ലാത്തതാവാം കാരണം. ഉണ്ടെകിൽ തന്നെ നെല്ലു വണ്ടികളാണു.മരം, തേങ്ങ, കലം, മണല്‍ … മുതലായവയും വണ്ടികളില്‍ കയറ്റും. ആടുകൾ പാലിനും മാംസത്തിന്നും ആണു.ആട്ടിൻ മാംസവും പാലും മരുന്നുകളിൽ ചേർക്കുമായിരുന്നു.പശുവിൻപാലും മരുന്നുകളിൽ വേണം.
കന്നു കുട്ടികളെ പൂട്ടിപ്പണിപഠിപ്പിക്കുന്നതു വൈദഗ്ധ്യം വേണ്ട പ്രവർത്തിയായിരുന്നു. കാള/പോത്തു പൂട്ടു മത്സരങ്ങൾ ഇല്ലായിരുന്നു.നല്ല ‘തെളിക്കന്നുകൾ‘ തറവാടുകൾക്ക് അഭിമാനമായിരുന്നു.മത്സരമില്ലാതെ തന്നെ മികവ് നിർണ്ണയിച്ചിരുന്നു.
പശുവിനെയും കാളയേയും യാത്രക്കു ശുഭശകുനമായി കരുതിയിരുന്നു. വെട്ടുപോത്തിനെ കണ്ടാൽ വെട്ടുകിട്ടും...എന്നാണു ശകുന ശാസ്ത്രം(?) ക്ഷേത്രങ്ങളിൽ പശുവിന്റേയും കുട്ടിയുടെയും സാന്നിധ്യം വേണ്ട ചടങ്ങുകൾ ഉണ്ട്. നമ്പൂതിരിമാർക്കു ‘പശുദ്ദാന’ ത്തിന്നു പശുവും കുട്ടിയും വേണം. ക്ഷേത്രങ്ങളിൽ ‘പഞ്ചഗവ്യ‘ത്തിന്നു പശുവേണം. പാൽ,വെണ്ണ,മൂത്രം,ചാണകം,തൈർ എന്നിവയാണു പഞ്ചഗവ്യം.അതിവിശിഷ്ടമായ നിവേദ്യം ആണ്` . ഗോമയം(ചാണകം) പശുവിന്റെ നെറ്റിയിലെ,കൊമ്പിലെ മണ്ണ് എന്നിവ ശ്രേഷ്ടങ്ങളാണു. സ്വർണ്ണനിർമ്മിതമായ പശുശിൽ‌പ്പത്തിന്റെ വായിലൂടെ പ്രാർഥനാപൂർവം പ്രവേശിച്ചു യോനിയിലൂടെ പുറത്തേക്കു കടക്കുന്നതു ഒരു ചടങ്ങായിരുന്നു.

അസുഖങ്ങൾ...... ശുശ്രൂഷകൾ...
(ഈ തൂറുണമൂരി അങ്ങടക്ക് എത്തൂലാന്നൊറപ്പ് : ശൈലി)

അസുഖങ്ങൾ -ഈതിബാധകള്‍ വന്നാൽ വേഗം അറിയാം. തീറ്റി നിർത്തും.വെള്ളം കുടി നിർത്തും. തൊഴുത്തിൽ അയവെട്ടാതെ ‘ചീമ്മി’ നിൽക്കും.പ്രധാന രോഗങ്ങൾ ഒന്നു വയറിളക്കം ആണു.ദഹനക്കേട്.വർഷാദ്യം പച്ചപ്പുല്ലു മുളച്ചതു തിന്നുമ്പോഴാണു വയറിളക്കം ഉണ്ടാവുക.ഇതിന്നു വാഴംകൂമ്പ്,മുളംക്കുമ്പ്,ഉണക്കലരി എന്നിവ വേവിച്ചു കൊടുക്കും.നാട്ടിലൊക്കെ മൃഗവൈദ്യന്മാർ ഉണ്ടായിരുന്നു.വീട്ടുചികിത്സ കൊണ്ട് രോഗം മാറാതെ വരുമ്പോഴാണു വൈദ്യരെ വിളിക്കുക.അയമോദകം, ജീരകം, ഇന്തുപ്പ് എന്നിവ മരുന്നുകളാണു.മുറിവുകളാണു മറ്റൊരു ദണ്ണം.മുറിവിൽ അട്ടക്കരിയും ഉപ്പും പൊടിച്ചു എണ്ണയിൽ (വേപ്പെണ്ണ,പൂവ്വത്തെണ്ണ,വെളിച്ചെണ്ണ)ചാലിച്ചു തേച്ചു കൊടുക്കും.മുറിവ് ഉണങ്ങും.പൂട്ടുപോത്തുകൾക്ക് ചുമലിൽ മുറിവുകൾ ഉണ്ടാവും. വായിലെ (നമ്മുടെ) തുപ്പലാണു മരുന്നു.
കണ്ണിൽ വെള്ള വീഴുന്നതു മറ്റൊരു രോഗം ആണു.ഇഞ്ചിയും ഉപ്പും വായിലിട്ടു ചവച്ചു അതിന്റെ നീരു കണ്ണിലേക്കു തുപ്പി ക്കൊടുക്കും.രോഗം മാറും.പ്രസവിച്ച് മറുപിള്ള (ചവറ്) വീഴാൻ വൈകിയാൽ പാറകത്തിന്റെ ഇല തിന്നാൻ കൊടുക്കും.ഉടനെ ചവറു വീഴും.കണ്ഠവീക്കത്തിന്നു കണ്ണൻ ചിരട്ട കഴുത്തിൽ കെട്ടിത്തൂക്കും.മന്ത്രിച്ച ചരടു കെട്ടും.തലയിൽ എണ്ണ വീഴ്തും.എറിവാതത്തിന്നു കൊട്ടെണ്ണ തേക്കും.മുഖത്തു ‘കുരുപ്പ്’ വരും.തനിയെ മാറും ചെയ്യും.
കുളമ്പു ദീനത്തിന്നു അട്ടക്കരിക്കുഴമ്പ് ആണു ഉത്തമൌഷധം.പാമ്പ് കടിച്ചാൽ പ്രശ്നം ഒന്നും ഇല്ല. മൂക്കിൽ കടിയേറ്റാൽ ചാവും.മരുന്നില്ല.പേപ്പട്ടി കടിച്ചാലും പ്രശ്നം ആണു.കടിച്ചിടം ‘കൊള്ളിവെള്ളം’ (തീക്കൊള്ളിയിൽ വെള്ളമൊഴിച്ചു അതു മുറിവായിൽ) വീഴ്ത്തും.നാവിൽ കുരുക്കൾ ഉണ്ടാവും...’നാത്തവള’..ഇതിനു കല്ലുപ്പും കുരുമുളകും ഇഞ്ചിയും ചേർത്തു നാവിലിട്ടുരച്ചു പൊള്ളങ്ങൾ പൊട്ടിക്കും..രോഗം മാറും.
പണിയെടുക്കാനുള്ള പോത്തുകൾക്കു കർക്കിടകമാസത്തിൽ ‘കോഴിയെ കൊടുക്കും’. സസ്യഭുക്കായ പോത്തിന്നു കോഴിയെ ‘കൊടുക്കുക’ യാണു ചെയ്യുക.നല്ല പാകത്തിലുള്ള ഇളം കോഴിയെ കൊന്നു മാസം എടുത്തു അയമോദകം, ജീരകം,ഇന്തുപ്പ്,പച്ചമല്ലി,ചെറിയ ഉള്ളി എന്നിവ ചേർത്ത് ഇടിച്ചു ശരിയാക്കി ഉരുളയാക്കി കൊടുക്കും.അന്നു പിന്നെ മറ്റൊന്നും കൊടുക്കില്ല. ദഹിക്കാൻ സമയം വേണം.
ഈച്ച കൊതുക് എന്നിവയുടെ ഉപദ്രവമുണ്ടാകാതിരിക്കാൻ വേപ്പെണ്ണ തേച്ചു കൊടുക്കും. വാതം പിടിക്കാതിരിക്കാൻ കൊട്ടെണ്ണ,പൂവത്തെണ്ണ,വേപ്പെണ്ണ എന്നിവ കാലുകളിൽ തേപ്പിക്കും.ചെറിയ കുട്ടികൾക്ക് വയറു ശരിയാകാൻ ‘മുക്കുടി’ കൊടുക്കും.മുക്കുടിയിൽ തെങ്ങിൻ പൂക്കുലയും മോരും മഞ്ഞളും ആണു ചേർക്കുക.കയ്പ്പൻ വേപ്പില മഞ്ഞളും ചേർത്തു അരച്ചു ഉരുളയാക്കി കൊടുക്കും...വിര ശല്യം ഉണ്ടാവാതിരിക്കാൻ.
കന്നുകളെ തെളിക്കാൻ ‘മുടിങ്കോൽ’ വേണം.കാഞ്ഞിരത്തിന്റെ ഇണർച്ച കുടഞ്ഞുപൊട്ടിച്ചെടുത്ത് ചെത്തി ശരിയാക്കി പുല്ലാനി വള്ളിയോ കൂരി വള്ളിയോ കൊണ്ട് മേടഞ്ഞാണു മുടിങ്കോലു ഉണ്ടാക്കുക. ഇതു മഴക്കാലത്തേക്ക് ആണു.വേനൽക്കാലത്തു ‘പാന്തകം’ ആണു. കരിമ്പനപ്പട്ടയുടെ തണ്ട് ചെത്തിശരിയാക്കിയതാണു പാന്തകം.കാളകൾക്ക് ‘.ചാട്ട’ കണും.പശുക്കൾക്ക് വടിവേണ്ട.എന്തെകിലും ചുള്ളിക്കമ്പാണു.ആടുകൾക്ക് ഇലച്ചില്ല. അതു ഒടുക്കം അതിനു തിന്നാനും കൊടുക്കും.

അനുഷ്ഠാനങ്ങൾ ആചാരങ്ങൾ
(ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണണ്ട: പഴമൊഴി)

കന്നുകാലികളുമായി ബന്ധപ്പെട്ട ഒരു അനുഷ്ടാനം ആണു ‘പശുദ്ദാനം’. പ്രായമായ ആളുകൾ അവരുടെ പിറന്നളിന്നാണു പശുദ്ദാനം ചെയുക.പാപപരിഹാരം ആണു.പ്രഭാതത്തിൽ കുളിച്ചു തൊഴുതു മഹാബ്രാഹ്മണർക്കാണു പശുദ്ദാനം ചെയ്യുക.കറവയുള്ള ലക്ഷണമൊത പശുവിനേയും കിടാവിനേയും കയറോടെ ദനം ചെയ്യും.അനുഗ്രഹം വാങ്ങും.പിന്നെ,പിന്നെ,ഇതു 4 അണയിൽ ഒതുങ്ങി.വെറ്റിലയും അടക്കയും 4 അണയും.പശുദ്ദാനം ഒരു കേമത്തം കൂടി ആയിരുന്നു.
സന്ധ്യാദീപം കൊളുത്തിയാൽ അതു തൊഴുത്തിൽ കാണിക്കും.രാമായണം കാലികൾക്കുകൂടെ കേൾക്കാൻ ഉറക്കെ ചൊല്ലും.വിഷുക്കണി കാലികൾക്കും കാണിക്കും.വിഷുവിന്നു‘ ചാലിടാൻ’ (വർഷത്തിൽ നല്ല ദിവസം നോക്കി ആദ്യമായി കൃഷിക്കൊരുങ്ങുക) കന്നിനെ കുളിപ്പിച്ചു ഒരുക്കും.
കുട്ടി കുടിച്ചു ബാക്കി പാലേ കറന്നെടുക്കൂ.പശു പ്രസവിച്ചു 7 ദിവസം ‘പുല‘ ആചരിക്കും.കറക്കില്ല. കുട്ടിക്കാണു.7ആം ദിവസം കുളിപ്പിച്ചു പാലു കറന്നു ക്ഷേത്രത്തിൽ പായസം വെക്കും.നിവേദിക്കും.പശുവിനോ കുട്ടിക്കോ അസുഖമുള്ളപ്പോൽ പാലു കാച്ചില്ല. സന്ധ്യ കഴിഞ്ഞാൽ പാലോ മോരോ പുറത്തുള്ളവർക്കു കൊടുക്കില്ല.പാലും മോരും കൂടി വിൽക്കില്ല.വെണ്ണയെടുക്കാത്ത തയിർ കൂട്ടി ഉണ്ണില്ല.
പൂരം വേല ആഘോഷങ്ങളിൽ മറ്റു വിശേഷ ദിവസങ്ങളിൽ കന്നുകാലികളെക്കൊണ്ട് പണിയെടുപ്പിക്കില്ല. പൂരത്തിന്നു ‘കാളവേല’ ഉണ്ടാവും.കാളീക്ഷേത്രങ്ങളിലെ കാളവേല പ്രസിദ്ധമാണു.മകരമസത്തിന്റെ അവസാനം ഉച്ചാറൽ ക്കാലം അണ്.അദ്ദിവസങ്ങൾ പൂണ്ണ വിശ്രമം ആണു.
പശുക്കളുടെ അഭിവൃദ്ധിക്കായി കൊല്ലത്തിലൊരിക്കൽ ‘ബ്രഹ്മരക്ഷസ്സിന്നു’ പൂജ കൊടുക്കും.കന്നിമാസത്തിലെ

ആയില്യമകം’ ആഘോഷിക്കും.പശുക്കളുടെ നെറ്റിയിലെയും കൊമ്പിലേയും മണ്ണ് കുട്ടികൾക്കു ‘പേടി’ മാറാൻ കുറിയിടുവിക്കും.പശുവിന്റെ ചാണകം (ഗോമയം) ഉരുട്ടി ഉരുളയാക്കി ഉണക്കി ശിവരാത്രി ദിവസം സന്ധ്യക്ക് കത്തിച്ചു ചാരം എടുക്കും.ഭസ്മം ഒരു കൊല്ലം സൂക്ഷിക്കും.ഈ ഭസ്മം ദിവസവും കുറിയിടും.
വയസ്സായി വയ്യാതായി ക്കിടന്നാൽ നന്നയി ശുശ്രൂഷിക്കും.പുല്ലും വൈക്കോലും അരിഞ്ഞു മുറിച്ചു ചെറുതാക്കി ക്കൊടുക്കും.മരുന്നുകൾ നൽകും.ചത്തുവെന്നറിഞ്ഞാൽ കാലിയെ കൊണ്ടുപോകാൻ ആളുകൾ വരും.മാസം,തോലു എന്നിവ അവരുടെ അവകാശമാണു.അല്ലെങ്കിൽ കുഴിയെടുത്തു കുഴിച്ചിടും.
ചിലപ്പോൾ കാലിയെ വിൽക്കും.പോത്തുകളെയാണു അധികവും വിൽക്കുക.മൂരിക്കുട്ടന്മാരേയും.വിറ്റു മാറ്റുകയാണു ചെയ്യുക. വിറ്റു കളയുകയല്ല. വിൽക്കുമ്പോൾ വില പറഞ്ഞുറപ്പിച്ചു ‘അച്ചാരം ‘വാങ്ങി കയറും പുല്ലും ചേർത്തു കിഴക്കൊട്ടു തിരിഞ്ഞു നിന്നു ഉടമസ്ഥൻ പ്രാർഥനയോടെ നൽകും. വാങ്ങുന്നയാൽ പ്രാർഥനയോടെ വാങ്ങി പുതിയ കയർ ഇട്ട് പഴയ കയർ തിരിച്ചു നൽകും.കാലിയും കയറും കൂടി കൊടുക്കരുതു എന്ന വിശ്വാസം.വിറ്റ ആൾക്കും വാങ്ങിയ ആൾക്കും നഷ്ടം പറ്റീട്ടില്ല എന്നു തോന്നും.ഒരിക്കലും വളർത്താനെന്നല്ലാതെ അറുക്കാൻ ആണു വാങ്ങുന്നതെന്നു പറയാറില്ല. അറവ് ഉണ്ടെങ്കിൽ തന്നെ വളരെ രഹസ്യമായിരുന്നു.
കാലി പടികടന്നാൽ തൊഴുത്തിലുള്ളവർ അമറും.അന്നു മുഴുവൻ ഒരു അസ്വസ്ഥത തൊഴുത്തിലുണ്ടാവും.ചത്താലും അങ്ങനെ തന്നെ. കുട്ടി പോയ പശു കുറെ നേരം കരയും.കയർ പൊട്ടിക്കാൻ വെപ്രാളം കാണിക്കും.വിറ്റ സാധനം ചിലപ്പോൾ കയർപൊട്ടിച്ചു തിരിച്ചു വരും.പുതിയ ഉടമസ്ഥൻ പിന്നാലേയും.

കഥകൾ...ശൈലികൾ...ചൊല്ലുകൾ
(പശുചത്താലും മോരിലെ പുളി പോകില്ല: പഴംചൊല്ല് )

ഒരിക്കൽ ഒരാൾ ചന്തയിൽ തന്റെ പശുവിനെ വിൽക്കാൻ പോയി. പശു മഹാ അശ്രീകരം.അതാ വിൽക്കാൻ തീരുമാനിച്ചതു.ചന്തയിൽ ചെന്നു സത്യസന്ധമായി വിൽക്കാൻ തുടങ്ങി. വാങ്ങാൻ വരുന്നവരോട് ...പാലു കുറവാണു...ചുരത്തില്ല....കറക്കുമ്പോൾ ചവിട്ടും...കുത്തും....അശ്രീകരം ആണു...എന്നൊക്കെ വിസ്തരിച്ചു പറഞ്ഞു. വാങ്ങാൻ വന്നവരൊക്കെ തിരിച്ചു പോയി.
വിൽക്കാനാവാതെ മൂപ്പർ വിഷമിച്ചു ഇരുന്നു.
അപ്പോഴാണു ഒരു ദല്ലാൾ സഹായിക്കാനെത്തിയതു.അയാൽ പറഞ്ഞു.ഞാൻ വിറ്റു തരാം.പക്ഷെ കമ്മീഷൻ തരണം.തീർപ്പായി
ദല്ലാൾ പശുവിന്റെ കയർ പിടിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു.
ദാ...നല്ല പശു...10 നാഴി പാലു രണ്ടുനേരവും കറക്കാം...ഏതു ചെറിയ കുട്ടിക്കും കറക്കാം....തീറ്റ കുറച്ചേ വേണ്ടൂ....ചെറിയ വിലക്കു വിൽക്കാൻ തയ്യാറ്....
പലരും വന്നു വില പേശി....പിശകി നിൽക്കുകയാണു..
ഇതു കണ്ട ഉടമസ്ഥൻ എഴുന്നേറ്റു. ഇത്ര നല്ലതാ ഇദ് ച്ചാൽ ഞാൻ വിൽക്കുന്നില്ല.നീയ്യ് വിൽക്കണ്ടാ...ഇങ്ങോട്ടു തന്നേക്ക്...ഇത്ര നല്ലതാ ന്നു എനിക്കറിയില്ലായ്യിരുന്നു.കഷ്ടം. [ നാട്ടുകഥ ]

No comments:

Post a Comment