Tuesday, February 4, 2014

അനുബന്ധങ്ങള്‍ഒരു പട്ടിക കൂടി


നമ്പ്ര്
പദം
കുറിപ്പ്
1
നൂറുമേനി
വിളവിന്റെ മികവ് കാണിക്കാനുള്ള സൂചനാപദം. 1 പറ വിത്ത് വിതച്ചാല്‍ 25-30 പറ നെല്ല് സാധാരണ ലഭിക്കും. മികച്ച പാടങ്ങളില്‍ ഇത് 30-35 വരെയാകും. ഇക്കണക്കിന്ന് വിളവ് കിട്ടിയാല്‍ നൂറുമേനി വിളവുണ്ടായി എന്ന് പറയും. ഇത്രയും കിട്ടിയില്ലെങ്കിലോ, വിള മോശമായി എന്നും. എന്നാല്‍ - മോശമായല്‍ 80 മേനി/ 78 മേനി / 40 മേനി എന്നൊന്നും കണക്കാറില്ല. 100 മേനി കിട്ടി എന്നാല്‍ അത് പറയും. അല്ലെങ്കില്‍ 'മോശം ' എന്നും. 100 നു താഴെ കണക്കില്ല.
2
1പറനിലം
16 സെന്റോളം വരും. 1 ഏക്കര്‍ നിലം = 6 പറനിലം
3
100 പറ പാട്ടം കിട്ടുന്ന നിലം
ഒരു പറനിലത്തുനിന്ന് 10 പറ നെല്ല് [ ശരാശരി] പാട്ടം കൊടുക്കണം. അതായത് 10 പറ [ 1.5 ഏക്കര്‍] നിലം
4
പാട്ടക്കണക്ക്
1 പറ നിലത്തിന്ന് 10 മുതല്‍ 15 വരെ പറ നെല്ല് പാട്ടമായി കൊടുക്കണം
5
വിതക്കാനുള്ള വിത്ത്
1 ഏക്കര്‍ നിലത്തേക്ക് [പണ്ട് ] 3 പറ വിത്ത് വേണ്ടിവന്നിരുന്നു. നല്ല വിളവ് കിട്ടിയാല്‍ 1 പറ വിത്തില്‍ നിന്ന് 25-30 [സാധാരണ] പറനെല്ല് വിളവ് ലഭിക്കുകയും ചെയ്യും.

അനുബന്ധം 1

സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി മലയാളഭാഷാക്ളാസുകളിലേക്ക് ആവശ്യമായ ചില കുറിപ്പുകൾ ജനയുഗം [ സഹപാഠി ] , മാധ്യമം [ വെളിച്ചം ] എന്നിവയിൽ ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്. നല്ല പ്രോത്സാഹനം കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്നതോടെ പുതിയവ എഴുതാനുള്ള ഉത്സാഹം കൂടുകയും ചെയ്യും. ഇതൊക്കെയും ഞാൻ തുടർന്നോ [ പലപ്പോഴും മുമ്പോ ] എന്റെ ബ്ളോഗിൽ [sujanika.blogspot.com] പോസ്റ്റ് ചെയ്യും. ധാരാളം വായനക്കാർ ബ്ളോഗ്സന്ദർശകരായുണ്ട്. ഈ അന്വേഷണം [ കാർഷികം - മറന്നുപോയ ഏടുകൾ ] ബ്ളോഗിനുവേണ്ടി തുടങ്ങിയ ശ്രമമാണ്`.11 പോസ്റ്റുകൾ 2-3 ആഴ്ച്ചകൊണ്ട് തയ്യാറാക്കി. പ്രസിദ്ധീകരിച്ചു. ഒപ്പം മാധ്യമം [ വെളിച്ചം ] പത്രത്തിലേക്കും നൽകി.
2013 ലെ കാർഷികദിനാചരണം എന്റെ സ്കൂളിൽ [ ടി.ടി..മണ്ണമ്പറ്റ ] നന്നായി നടത്താൻ പ്ളാൻ ചെയ്യുമ്പോൾ 'കാർഷികം - മറന്നുപോയ ഏടുകൾ ' കുട്ടികളുടേതുകൂടിയാക്കിമാറ്റാൻ ആഗ്രഹിച്ചു. വിപുലമായ ഈ വിഷയത്തിന്റെ സംപൂർണ്ണതക്ക് കുട്ടികളുടേയും മണ്ണമ്പറ്റയിലെ കർഷകരുടേയും അറിവും ശ്രമവും ആവശ്യമാണെന്ന് തോന്നി. ചിങ്ങം ഒന്നിന്ന് കാർഷികദിനാചരണം ഈ വിഷയത്തിൽ അധിക വിവരശേഖരണത്തിന്നായി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. സഹാദ്ധ്യാപകരുടേയും കുട്ടികളുടേയും സഹായം ഉറപ്പായി. ഇവിടെയുള്ള പഴയ യഥാർഥ കൃഷിക്കാരുമായി ഒരു ദിവസം മുഴുവൻ സംസാരിക്കാൻ തീരുമാനിച്ചു. നന്നായി അസൂത്രണം ചെയ്ത പരിപാടിയുടെ വിജയംകൂടിയാണ്` ഈ അന്വേഷണം.
അനുബന്ധം 2

കാലപ്രവാഹത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ പരിണാമം അതിവേഗം സംഭവിച്ചുകൊണ്ടിരിക്കയാണ്`. ഉരുൾപൊട്ടലിന്റെ ഉപമയിലാണ്` ഇത് സംവേദ്യമാകുക. അതിന്റെ ഗുണദോഷങ്ങൾ കാലംതന്നെ തീരുമാനിക്കുന്നു. എന്നാൽ അപ്പോഴേക്കും കുത്തൊഴുക്കിൽ പലതും എന്നെന്നേക്കുമായി ഒലിച്ചുപോയിട്ടുണ്ടാകും. ഇത് കാലത്തിന്റെ ഒരു വികൃതിയാണെന്ന് കാണാം.
സംസ്കാരത്തിലും അതിന്റെ പ്രധാനപ്പെട്ട ഒരു ഘടകമായ ഭാഷയിലും ഈ ഉരുൾപൊട്ടൽ നടക്കുന്നു. പഴയ പദാവലികൾ പലതും ഒലിച്ചുപോകുന്നു. ഒപ്പം ഒരു സംസ്കൃതിയും ഇല്ലാതാവുകയാണ്`. ഒരു പദം ഇല്ലാതാവുന്നതോടെ അതുമായി ബന്ധപ്പെട്ട ഒരു സാംസ്കാരികമുദ്ര ഇല്ലാതാവുകയാണ്`. 'അളിയൻ ' എന്ന പദം ഇല്ലാതാവുന്നത് സഹോദരിഭർത്താവിനെ/ ഭാര്യാസഹോദരനെ 'അളിയൻ ' എന്ന് സംബോധനചെയ്യാതിരിക്കുകയും മാത്രമല്ല സുഹൃത്തിനെ അളിയൻ എന്ന് സംബോധനചെയ്യുകയും പതിവാകുമ്പോഴാണ്`. 'ഓപ്പ ' എന്ന് മൂത്ത സഹോദരനെ/ സഹോദരിയെ വിളിക്കാതിരിക്കുകയും 'ഓപ്പോൾ' ഒരു സിനിമാപ്പേരുമാത്രമായി കണക്കാക്കപ്പെടുകയും ചെയ്യുമ്പോഴാണ്` പദാവലിയും അതിന്റെ സാംസ്കാരിക ഭൂമികയും മറവില്പെട്ടുപോകുന്നത്. ഇത് പരിണമപരിഭ്രമത്തിലെ ഒരു വീഴ്ച്ചയാണ്`. ഒരു പക്ഷെ, പിന്നൊരിക്കൽ തിരുത്താനാവാത്ത വീഴ്ച്ച. കാരണം പലതുമാവാം എങ്കിലും.
പരിണാമവും നഷ്ടവും വളരെയേറെ സംഭവിച്ച ഒരു മേഖല കാർഷികമാണ്`. കൃഷി ഇന്നത്തെ തലമുറയ്ക്ക് തീർത്തും അപരിചിതമാവുകയാണ്`. കേരളത്തെ കേരളമാക്കിയ ഒരു പ്രധാന സാംസ്കാരികരംഗം കാർഷികമാണ്`. കേരളീയന്റെ സകലമാന ജീവിതസങ്കൽപ്പങ്ങളും ഉരുവപ്പെടുത്തിയ കളിമണ്ണ് കാർഷിക സംസ്കൃതിയാണ്`. സാഹിത്യ നൃത്ത നൃത്യ ഗാന സഞ്ചയങ്ങളൊക്കെ ഇന്നും നിലനിൽക്കുന്നത് കാർഷികജീവിതത്തിലാണ്`. ഇവയുടെ ആസ്വാദനവും അവതരണവും എല്ലാം കാർഷികവ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവയാണ്``. പുതിയ ജീവിതാനുഭവങ്ങൾക്കൊപ്പം സംവദിക്കുന്നവ രൂപം കൊള്ളുന്നുണ്ട് എന്നതു ശരി. എന്നാൽ ഈടുവെപ്പുകൾ പഴയവയാണല്ലോ. അവയെ അവഗണിച്ചുകൊണ്ടുള്ള കാവ്യ- കലാജീവിതം മലയാളിക്ക് അസാധ്യമാണ്`. അതുകൊണ്ടുതന്നെ ഇവയെ സംരക്ഷിക്കേണ്ടത് ചെറിയൊരു സംഗതിയായി കാണൻ വയ്യ. നഷ്ടപ്പെടുന്ന കാർഷികാദി സംസ്കൃതിയെകുറിച്ചുള്ള ഈ വേവലാതി മലയാളിക്കുണ്ടായേ പറ്റൂ.
ആധുനിക ജീവിതസമ്പ്രദായങ്ങളിൽ ഈ പഴയവ പ്രയോഗിക്കുകയും നഷ്ടപ്പെടാതെ നോക്കുകയും വേണമെന്ന വാദം കൃത്രിമമായേ വരൂ. അങ്ങനെ സ്വാഭാവികമായി ചെയ്യാനാവില്ല. എന്നാൽ അത് ഉപേക്ഷിക്കപ്പെടാനുള്ളവയും അല്ല. വന്നുപോന്ന വഴി മറയ്ക്കുന്നതുപോലാകും അത്. വഴികൾ അടയളപ്പെടുത്തി സൂക്ഷിക്കപ്പെടണം. സ്കൂളുകളിലും കോളേജുകളിലും ഒക്കെ അതിനു സാധ്യതകളുണ്ട്. വിക്കിപീഡിയ പോലുള്ള സ്ഥലസാധ്യതകളുണ്ട്. ദൃശ്യ ശ്രവ്യ ലേഖന രൂപങ്ങളിൽ സംഗ്രഹിക്കണം. പഴമയിലൂടെയുള്ള യാത്രകൾ

നമ്മുടെ കുട്ടികൾക്ക് പരിചിതമാവണം. രസകരമാവണം. സ്വാഭാവികക്രിയകളായി ഇതെല്ലാം മാറണം. ഇന്നലെകളെകുറിച്ചുള്ള ആലോചനകൾ നാളകളെ സൃഷ്ടിക്കുന്നതിനുള്ള ഉരുപ്പടികളാണെന്ന ബോധ്യം വളർത്തണം. പണ്ഡിതന്മാർക്കുമാത്രമല്ല; സാധാരണക്കാരനും. മാനുഷഭാവത്തിൽ ഇതുകൂടി ഉൾച്ചേരണം എന്നു തീരുമാനിക്കണം. മുമ്പറഞ്ഞപോലെ കൃത്രിമമായി ആവർത്തിക്കാനല്ല ; സ്വാഭാവികമായി അകൃത്രിമമായി പുന:സൃഷ്ടിക്കാൻ.

അനുബന്ധം 3
പാഠങ്ങളിലൂടെ
കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങള്‍ മനസ്സിലാക്കുകയും ഭാഷാപരമായി പ്രയോഗിക്കുകയും ചെയ്യേണ്ട സന്ദര്‍ഭങ്ങള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ നിരവധിയാണ്`. ഈ അന്വേഷണം ഏഴാം ക്ളാസിലെ മലയാളം ടെക്സ്റ്റ് പരിശോധനയില്‍ എത്തിയപ്പോള്‍ ഉണ്ടായ കണ്ടെത്തലുകള്‍ താഴെ പട്ടികപ്പെടുത്തുന്നു.

നമ്പ്ര്
പദം / വാക്യം / സന്ദര്‍ഭം
കുറിപ്പ്
1
ഡയറക്ടറുടെ മുഖവുര
കളിച്ചും രസിച്ചും പഠിക്കാം . നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാന്‍.... ഭാവനയുടെ ചിറകിലേറാന്‍... ചിന്തകള്‍ ക്ക് രൂപം നല്‍കാന്‍.... “
മലയാളത്തിന്റെ കളികള്‍ , മലയാളത്തിന്റെ പാട്ടുകള്‍ ....
2
മൗലിക കര്‍ത്തവ്യങ്ങള്‍ എന്ന ഭാഗത്ത്
നമ്മുടെ സമ്മിശ്രസംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിറുത്തുകയും ചെയ്യുക "
പാരമ്പര്യത്തെ അറിയാന്‍ ഉള്ള ശ്രമങ്ങള്‍
3
കരളിലെ നോവ് എന്ന കവിത [പേജ് 9]
കൃഷിപ്പണിക്കാരിയുടെ ജീവിതം
4
[പേജ് 11] കര്‍ഷകത്തൊഴിലാളികളുടെ ദു:ഖങ്ങളും ദുരിതങ്ങളും.....


5
അമ്മകൊയ്യുന്നു എന്ന കഥ
കാര്‍ഷികജീവിതം
6
തരിശുനിലങ്ങളിലേക്ക് [ തിരുനല്ലൂര്‍ കരുണാകരന്‍ ] എന്ന കവിതയിലെ നിരവധി പദങ്ങള്‍ , പ്രയോഗങ്ങള്‍


വൈലോപ്പിള്ളിക്കവിതാശകലം
'ഒറ്റച്ചാലായുഴുതുമറിക്കും ', പുതുമണ്ണ്`', ഉടമകള്‍ ', ഉഴുതു വിതയ്ക്കും ', പുതുവിത്തിന്‍ മണി', കനകക്കതിര്‍....
7
[പേജ് 18] തൊഴിലിനോടുള്ള മനോഭാവം ....
കര്‍ഷക മനസ്സ് അന്വേഷണം
8
പൂരപ്പറമ്പ് ചിത്രീകരണം [ പേജ് 20-21]
പൂരങ്ങളുടെ കാര്‍ഷികബന്ധം / കാലം, ആചാരങ്ങള്‍ , ചടങ്ങുകള്‍ ...
9
ഓണം, പൂക്കളം … [പേജ് 36-37-38]
കാര്‍ഷികാഘോഷങ്ങള്‍ അന്വേഷണം
'ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ'.... എന്ന പഴഞ്ചൊല്ല് ആശയം
10
കേരളീയം എന്ന കഥ [പേജ് 39]
മുല്ലപൂവ്വ്, ചന്ദനക്കുറി, മുണ്ടും വേഷ്ടിയും … തുടങ്ങിയ കേരളീയ മുദ്രകള്‍
11
അണിഞ്ഞൊരുങ്ങല്‍ [ തുള്ളല്‍ പ്പാട്ട് ]
കേരളീയതയില്‍ നമ്പ്യാര്‍ ദുരോധനാദികളുടെ പുറപ്പാട് വര്‍ണ്ണിക്കുന്നു.
12
കാറ്റേ കടലേ എന്ന കവിത
ഉമ്മറക്കോലായ, കിണ്ടി... തുടങ്ങി നിരവധി കേരളീയ മുദ്രകള്‍
13
തുലാവര്‍ഷപ്പച്ച എന്ന കവ്യനാമം [ സുഗതകുമാരി]


14
ഹരിതാഭകള്‍ എന്ന യൂണിറ്റിലെ ആമുഖ ചിത്രങ്ങള്‍
എല്ലാം കാര്‍ഷിക ബന്ധമുള്ളവ
15
എന്റെ ഗുരുനാഥന്‍ എന്ന കവിത [ പേജ് 58-59]
കര്‍ഷകന്‍ പ്രകൃതിയുടെ മിത്രവും സമൂഹത്തിന്റെ ഗുരുനാഥനുമെന്ന ചര്‍ച്ച
16
വള്ളുവനാടന്‍ കാര്‍ഷികോത്സവങ്ങളിലേക്ക്... എത്ര പൊലിമകള്‍ എന്ന പാഠം.
കാര്‍ഷികോത്സവങ്ങള്‍ വിശദാംശങ്ങള്‍
17
[പേജ് 62] കൃഷിയുമായി ബന്ധപ്പെട്ട ഒരു കയ്യെഴുത്തുമാസിക തയ്യാറാക്കല്‍


18
[പേജ് 63] കാര്‍ഷികവൃത്തി ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു പ്രഭാഷണം....


19
[പേജ് 62] കാര്‍ഷികം കയ്യെഴുത്തു മാസിക … ചിത്രങ്ങള്‍ വരക്കേണ്ടിവരും.
അനുബന്ധം 4

കാര്‍ഷികം നിത്യജീവിതത്തില്‍

കാര്‍ഷിക സംസ്കൃതിയും കര്‍ഷകജീവിതവും ആധുനിക തലമുറയ്ക്ക് നിരന്തരം അപരിചിതമായിക്കൊണ്ടിരിക്കുന്നുവെങ്കിലും ജനറ്റിക്കലായി ഇതിന്റെയൊക്കെ അംശങ്ങള്‍ നമ്മുടെ ഈ ആധുനിക ജീവിതത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നു തോന്നുന്നു. ഗാര്‍ഹിക സന്ദര്‍ഭങ്ങള്‍ , നിത്യനിദാനങ്ങള്‍ , ഭാഷ , പ്രണയം, ജനന മരണാദികള്‍ , ആരോഗ്യ സംരക്ഷണം, രുചികള്‍ , ലാവണ്യബോധങ്ങള്‍ തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും ഇതു തെളിഞ്ഞും ഒളിഞ്ഞും കാണാം.
മലയാളിയുടെ ജീവിതം അതിന്റെ വികസിതമായൊരു രൂപത്തില്‍ കരുപ്പിടിപ്പിക്കുന്നതില്‍ കാര്‍ഷികജീവിതത്തിന്ന് വലിയ പങ്കുണ്ട്. ലോകത്തിലെമ്പാടുമുള്ള സംസ്കാരങ്ങളുടെയൊക്കെ വികസനത്തില്‍ - സംസ്കാരം എന്ന സങ്കല്പ്പം തന്നെ - കാര്‍ഷിക ജീവിതത്തില്‍ തൊട്ടാണ്` തുടക്കം. പെറുക്കിത്തീനിയായി , നായാടിയായി നടന്ന ജീവി മനുഷ്യനാകുന്നതും സംസ്കൃതിയുള്ളവനുമാകുന്നത് ഒരിടത്ത് സ്ഥിരമായി താമസം [ അതിനു കാരണം കൃഷി ആരംഭിച്ചതാണ്`] ആരംഭിച്ചതോടെയാണ്`. നദീതട സംസ്കാരങ്ങള്‍ വലിയൊരളവോളം കാര്‍ഷിക സംസ്കാരവുമാണ്`. വികസിതപരിഷ്കൃതിയില്‍ അധികപങ്കും സാംസ്കാരികഘടകങ്ങള്‍ പൂരിപ്പിച്ചത് കൃഷിയാണ്`, കാര്‍ഷിക സംസ്കാരമാണ്`. കേരളീയ സംസ്കൃതി എന്നത് മുക്കാല്‍പങ്കും കാര്‍ഷിക സംസ്കൃതിയിലൂന്നിയാണ്`.
കാര്‍ഷിക സംസ്കൃതിയുടെ പ്രധാനപ്പെട്ട ഒരു ഘടകം അധികാര ശ്രേണിയിലെ മേല്-കീഴ് വ്യത്യാസമാണ്`. പ്രായം ചെന്നയാള്‍ - പ്രായമാകാത്തയാള്‍ , ആണ്‍-പെണ്‍ , വലിയവര്‍ - കുട്ടികള്‍ , അകത്തുള്ളവര്‍ - പുറത്തുള്ളവര്‍ , പണിയെടുപ്പിക്കുന്നവര്‍ - പണിയെടുക്കുന്നവര്‍ , ധമുള്ളവന്‍ - ധനം കുറഞ്ഞവര്‍ , തൊടിയും വളപ്പുമുള്ളവര്‍ - തൊടിയും വളപ്പും തീരെ കുറഞ്ഞവര്‍, നല്ല വസ്ത്രമുള്ളവര്‍ - മുഷിഞ്ഞവസ്ത്രമുള്ളവര്‍.... എന്നിങ്ങനെ പലമട്ടില്‍ ഉള്ള മേല്‍ ‌- കീഴ് തിരിവുകള്‍ ഇന്നും നമ്മുടെ വീടുകളിലും സമൂഹത്തിലും നിലനില്‍ക്കുന്നു. എന്നാല്‍ അറിവുള്ളവര്‍ - അറിവില്ലാത്തവര്‍ , അരോഗി - രോഗി, സൗന്ദര്യമുള്ളവര്‍ - സൗന്ദര്യമില്ലാത്തവര്‍ , കഴിവുള്ളവര്‍ - കഴിവില്ലാത്തവര്‍ , അദ്ധ്യാപകന്‍ - അദ്ധ്യാപിക ..... തുടങ്ങിയ ആധുനിക മേല്‍ - കീഴുകള്‍ തീരെ പ്രവര്‍ത്തിക്കുന്നുമില്ല. ഗാര്‍ഹികാന്തരീക്ഷത്തില്‍ അദ്ധ്യാപിക, ഡോക്ടര്‍, മാനേജര്‍ തുടങ്ങിയ പദവികള്‍ ഉള്ള പെണ്ണിനേക്കാള്‍ സ്ഥാനം ഒരു തൊഴിലുമില്ലാത്ത [സമപ്രായമുള്ളതെങ്കിലും ] ആണിനാണ്`. മാസശമ്പളമുള്ളവനേക്കാള്‍ വീട്ടധികാരം വരുമാനമില്ലെങ്കിലും മുത്തശ്ശിക്കാണ്`/ മുത്തഛനാണ്`. മുതിര്‍ന്നവര്‍ക്കൊപ്പം ഇരിക്കുക, ധിക്കരിക്കുക എന്നിവ ഇന്നും പൊതുവേ ഇല്ല. ഭക്ഷണം ആദ്യം വിളമ്പുന്നത് [ ഔദ്യോഗികമായി ] പുരുഷനും മുതിര്‍ന്നവര്‍ക്കുമാണ്`.
വിശേഷദിവസങ്ങള്‍ , സദ്യ, ചടങ്ങുകള്‍ , ആഘോഷാദികളിലെ വിവിധ ഘടകങ്ങള്‍ , വസ്ത്രധാരണം എന്നിവയൊക്കെ കാര്‍ഷിക സംസ്കൃതിയുടെ മുദ്രകള്‍ പേറുന്നവയാണ്`. നിറപറയും [ നെല്ല് ] നിലവിളക്കും പൂക്കുലയും അതിഥിയെ കാലുകഴുകിക്കലും മധുരം നല്‍കലും ആവണപ്പലകയും നാക്കിലയും ഓണപ്പുടവയും ഒക്കെ ഈ സംസ്കൃതിയുടെ നിലനില്‍പ്പുകളെ ചൂണ്ടിക്കാണിക്കുന്നു. ജാതി - മത വേദികളില്‍ ഈഷല്‍ഭേദങ്ങളോടെ ഇവ ഒളിഞ്ഞോ തെളിഞ്ഞോ പ്രത്യക്ഷമാവുന്നു. പിറന്നാളാഘോഷങ്ങള്‍ ഇപ്പോഴും പഴയസമ്പ്രദായങ്ങളുടെ തുടര്‍ച്ചയാണ്`. ഹാപ്പി ബര്‍ത്ത് ഡേയും കേക്കുമുറിക്കലും ഒക്കെ യുണ്ടെങ്കിലും പ്രധാന ഇനം നാലുകൂട്ടം കറിയും സദ്യയുമാണ്`. വിളക്കുവെച്ച് ഇലയില്‍ ഭക്ഷണമാണ്`.
ജനനം , പേരിടല്‍, ചോറൂണ്`, ആട്ടപ്പിറന്നാളുകള്‍ , വിവാഹം, ഗൃഹപ്രവേശം, വാങ്ങല്‍ - വില്‍ക്കല്‍ , പുത്തനെടുക്കല്‍ - ഉടുക്കല്‍, വിഷു ഓണം തിരുവാതിര , കര്‍ക്കിടകമാസാചരണങ്ങള്‍ , എഴുത്തിനിരുത്ത്, വിരുന്നുകള്‍ , സ്വീകരണങ്ങള്‍ , ഉദ്ഘാടനങ്ങള്‍ , സംഭാവനകള്‍ [ 1001, 5001 രൂപ ], ചികില്സ് തുടങ്ങല്‍, വീടിന്ന് കുറ്റിയടിക്കല്‍, വാതില്‍ വെപ്പ്, പാലുകാച്ചല്‍, ..... തുടങ്ങി എല്ലാ വിഷയങ്ങളിലും ഈ സംസ്കൃതിയുടെ മുദ്രകള്‍ ഏത്രമാത്രം ആധുനികമായ ജീവിതം നയിക്കുന്നവരിലും പൊതുവേ ഉണ്ട് എന്നത് ശ്രദ്ധേയമാണ്`.

അനുബന്ധം 5
[ തയാറാക്കിയത് ടി.ടി.. കുട്ടികള്‍ / അദ്ധ്യാപകര്‍ ]
കര്‍ഷകരുമായി അഭിമുഖം
അഭിമുഖം മേഖലകള്‍

 1. കാലം - ഞാറ്റുവേല / നാള്‍ പക്കം / വാവ് / മാസം / കാലവര്‍ഷം / സംക്രമം / പിന്നിലാവ് / പാട്ടുരാശി / ഞാറ്റുവേലച്ചൊല്ലുകള്‍ / മുപ്പെട്ട് - പോക്ക് നാളുകള്‍ - ആഴ്ചകള്‍ /
 2. വിവിധ നെല്ല് വിളകള്‍ /കന്നി-മകര കൊയ്ത്ത്, വിരിപ്പ്- മുണ്ടകന്‍ -പുഞ്ച- കൂട്ടുമുണ്ടകം. കരിങ്കറ/ വിത്തുകള്‍ / മോടന്‍ / വിള- കള/

 1. കാര്‍ഷിക സാമ്പത്തികം / പാട്ടം /ജമ്മി-കുടിയാന്‍ / വെറുംപാട്ടം / കാണം / മിച്ചവാരം / പതിര്‍വാശി / ഉണക്കുവാശി / ചാര്‍ത്ത് -മേച്ചാര്‍ത്ത്/ കുഴിക്കൂറ് / കുഴിക്കാണം / പള്യാല്‍/ പൂന്തപ്പാടം / എടമാറി / / തൊഴില്‍ വിഭജനം / കൂലി ക്കണക്ക് /
 2. ആചാരങ്ങള്‍ / ആഘോഷങ്ങള്‍ / നിറ പുത്തരി ചേട്ടേക്കളയല്‍ ശിവോതി / സംക്രാന്തി / ഉച്ചാറല്‍ / ചാലിടല്‍ / പൂരം -വേല / കതിര്‍വേല- കാളവേല / നിറപറ / ചെറുകുന്നിലമ്മക്ക് നിവേദ്യം /
 3. കൃഷിഭാഷ / പഴഞ്ചൊല്ലുകള്‍ / ശൈലി / കടംകഥകള്‍ / പാട്ടുകള്‍ / കഥകള്‍ / ആചാരവാക്കുകള്‍ - കരിക്കാടി/ പഴയ പേരുകള്‍ - മനുഷ്യന്‍ മൃഗം വൃക്ഷലതാദികള്‍ / കറ്റ/കുണ്ട/മുടി/ചുരുട്ട് / ഊര്‍ച്ച/ നെരത്ത് /പൊത/ മുടിങ്കോല്‍ / ചവുളി/ പണിയായുധങ്ങള്‍ [ലിസ്റ്റ്]
 4. കര്‍ഷകന്റെ ദിനചര്യ / പ്രഭാതകൃത്യങ്ങള്‍ / കുളി /ഭക്ഷണം /യാത്ര/ വിരുന്നു -വരവും പോക്കും / സദ്യകള്‍ / വിവാഹാദി കാര്യങ്ങള്‍ / പിറന്നാള്‍ / വിവഹ ചടങ്ങുകള്‍ / പകല്‍ പ്രവര്‍ത്തനങ്ങള്‍ / രാത്രി പ്രവര്‍ത്തനങ്ങള്‍ / സ്ത്രീകളുടെ പങ്കാളിത്തം / വിനോദം / ആരോഗ്യശീലങ്ങള്‍ / വസ്ത്രരീതികള്‍ / ദാമ്പത്യം / ആചാരങ്ങള്‍ - [വാങ്ങല്‍ വില്‍ക്കല്‍ ]/ ദായക്രമം / വിദ്യാഭ്യാസം /
 5. കാര്‍ഷികം - ശുശ്രുഷ / വിളവിന്ന് ചികില്സ/ കന്നുകാലി ചികില്സ/ മനുഷ്യ ചികില്സ/ രോഗങ്ങള്‍ - മനുഷ്യന്‍ മൃഗം വൃക്ഷം / വിത്ത് പരിചരണം / ജല സംരക്ഷണം / ജലവിനിയോഗം /
പ്രക്രിയ സൂചന
 • ക്ളാസ് റൂം ചര്‍ച്ചകള്‍
 • ആവശ്യകതാബോധം ഉളവാക്കാനുള്ള സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കല്‍
 • പാഠപുസ്തക പരിശോധന
 • ദിനാചരണങ്ങള്‍
 • അസംബ്ളി- ടോപ്പിക്സ്
 • അഭിമുഖങ്ങള്‍ / കുറിപ്പുകള്‍
 • സന്ദര്‍ശനങ്ങള്‍
 • വസ്തുതാ ശേഖരണം
 • അവതരണം / ചര്‍ച്ച
 • ചിത്രങ്ങള്‍ തയ്യാറാക്കല്‍
അവലംബം
 1. പഴമക്കാരുമായുള്ള സംഭാഷണങ്ങൾ /അനുഭവങ്ങൾ
 2. വിശ്വവിജ്ഞാനകോശം [ മലയാളം ]
 3. മലയാളം വിക്കി
 4. വിവിധ പഞ്ചാഗംങ്ങൾ
 5. സുജനിക ബ്ളോഗ്

No comments:

Post a Comment