Tuesday, February 4, 2014

കാര്‍ഷികം - ആഘോഷങ്ങള്‍

ആഘോഷങ്ങള്‍
പൂരങ്ങള്‍ വേലകള്‍ / കൊയ്ത്തുമേളകള്‍ / ചവിട്ടുകളി / കൊയ്ത്തുപാട്ട്/ കാളപൂട്ട് / വെള്ളരിനാടകം / പാങ്കളി / സൈക്കിള്‍ യജ്ഞം …

കൃഷി സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ പ്രധാന ജീവിതപ്രവര്‍ത്തനമാവുമ്പോള്‍ [ അതു പ്രത്യക്ഷമോ പരോക്ഷമോ ആവട്ടെ ] കാര്‍ഷിക കലണ്ടറാണ്` നിത്യവൃത്തികളെ മുഴുവന്‍ നിശ്ചയിക്കുകയും ക്രമീകരിക്കുകയും ചെയ്യുക. അങ്ങനെയാണ്` 'കാര്‍ഷിക സംസ്കാരം ' എന്ന സങ്കല്പ്പം രൂപപ്പെടുന്നത് . നമ്മുടെ വേലകള്‍ , പൂരങ്ങള്‍ , മേളകള്‍ , കളികള്‍ , പാട്ടുകള്‍ ,സാംകാരിക നിര്‍മ്മിതികള്‍ , അരങ്ങുകള്‍ , അണിയറകള്‍ - വേഷങ്ങള്‍ തുടങ്ങി സാംസ്കാരിക മുദ്രകളൊക്കെയും ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
മുണ്ടകക്കൊയ്ത്ത് കഴിഞ്ഞ ഒഴിഞ്ഞ പാടങ്ങളാണ്` ആഘോഷങ്ങള്‍ ക്ക് അരങ്ങ് നല്കുന്നത്. ചില സവിശേഷ സാമൂഹ്യ സൗകര്യങ്ങള്‍ , വിശ്വാസങ്ങള്‍ എന്നിവ ചില സന്ദര്‍ഭങ്ങളില്‍ പാടങ്ങളെ ഒഴിവാക്കുന്നുണ്ട് എന്നത് സാമാന്യ രീതിയായി കാണേണ്ടതില്ല. മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ വേല - പൂരങ്ങള്‍ തുടങ്ങുകയായി. പ്രത്യേകിച്ചും വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ മകരം 30 ...കുംഭം 1 തൊട്ടു തുടങ്ങുന്ന ആഘോഷങ്ങള്‍ മേടം അവസാനത്തോടെ പൂര്‍ത്തിയാകും. പലതും നൂറും ഇരുന്നൂറും അതിലധികവും വര്‍ഷങ്ങള്‍ ക്കുമുന്പ് തുടങ്ങി വെച്ചവയും ഒന്നും ഒന്നിനൊന്ന് തടസ്സങ്ങള്‍ ഇല്ലാതെ നാളും പക്കവും നോക്കി ക്രമീകരിച്ചതുമാണ്`. ആ ക്രമീകരണം തന്നെ ഇന്നും പിന്തുടരുന്നു എന്നതില്‍ വിശ്വാസം, സങ്കല്‍പ്പങ്ങള്‍ തുടങ്ങി പല ഘടകങ്ങളും ഉണ്ടെങ്കിലും അടിസ്ഥാനപരമായ നിശ്ചയങ്ങള്‍ ഉണ്ടായത് കൊയ്ത്തിനും നടീലിനും ഇടയ്ക്കുള്ള ഒഴിവുകാലം എന്ന കാര്‍ഷിക പ്രായോഗികതയാണ്`. വള്ളൂവനാട്ടില്‍ മകരം 31 ന്` കണയം [ ഷോര്‍ണൂര്‍ക്കടുത്ത് ] വേല . അതാണ്` സീസണിലെ ആദ്യ വേല. സീസണിലെ അവസാനത്തേത് മേടം അവസാനം മുളങ്കാവ് [ പട്ടാമ്പിക്കടുത്ത് ] വേല. ”കണതൊട്ട് മുളവരെ" എന്ന പ്രമാണം. ഈ രണ്ടു വേലകള്‍ ക്കിടയില്‍ നൂറുകണക്കിനു ചെറുതും വലുതുമായ ആഘോഷങ്ങളാണ്`. വള്ളുവനാട്ടിലേതുപോലെ ഏറനാട്ടിലും കൊച്ചിശ്ശീമയിലും തിരുവിതാം കൂറിലും പ്രായേണ വലിയ മാറ്റം ഇല്ലെന്ന് തോന്നുന്നു.
വേല - പൂരങ്ങള്‍ മാത്രമല്ല പാടം അരങ്ങാക്കുന്നത്. നിരവധി നാടന്‍ കളികള്‍ - പാങ്കളി, പൊടാട്ട് , വെള്ളരിനാടകം, സംഗീതനാടകം, സ്കൂള്‍ - വായനശാല – ക്ളബ്ബ് വാര്‍ഷികങ്ങള്‍ .... ചൊട്ടയും പുള്ളും , ആട്ടക്കളം, തലമപ്പന്ത്, ഫുട്ബാള്‍ , വോളിബാള്‍ ..... , നാടന്‍ സര്‍ക്കസ്സുകള്‍ , സൈക്കിള്‍ യജ്ഞം , ചന്ത.... തുടങ്ങിയ സംഗതികളൊക്കെയും കൊയ്ത്തിനു ശേഷമുള്ള പാടങ്ങള്‍ അരങ്ങാക്കിച്ചെയ്യുന്നു.
നെല്ലും കതിരും അരിയും [സദ്യയും] തന്നെയാണ്` ആഘോഷങ്ങളുടെ ദ്രവ്യപരമായ പ്രധാന ഘടകം. കതിര്‍ക്കുലയും നിറപറയും നിറനാഴിയും കലരുന്നവയാണ്` ചടങ്ങുകള്‍ . കൂലി, സമ്മാനം, അവകാശം, വഴിപാട് .... എല്ലാം നെല്ല് തന്നെ. കെട്ടിക്കാഴ്ചകള്‍ കുതിര, കാള എന്നിവയും. ആര്യങ്കാവ്, ചിനക്കത്തൂര്‍ തുടങ്ങി രണ്ടൊ മൂന്നോ കേന്ദ്രങ്ങളിലാണ്` കുതിര പ്രധാനമായുള്ളത്. ബാക്കി മുഴുവന്‍ കാളയാണ്`. ഒറ്റക്കാളയും ഇണക്കാളയും ഉണ്ടാവും. വൈക്കോല്‍ , തുണി, അലുക്കുകള്‍ ആഭരണങ്ങള്‍ എന്നിവകൊണ്ടാണ്` കാളയും കുതിരയും ഒക്കെ കെട്ടിയുണ്ടാക്കുന്നത്. തെറ്റിക്കാന്‍ പാടില്ലാത്ത ആചാരപൂര്‍വമായ ചടങ്ങുകള്‍ ഇവയുടെ നിര്‍മ്മാണത്തിലും പ്രദര്‍ശനത്തിലും ഉണ്ട്.

കൊയ്ത്ത് എല്ലാ തരത്തിലും ഉത്സവം തന്നെ. വീട്ടിലേക്ക് സമ്പത്ത് [ ലക്ഷ്മി] കയറിവരുന്ന ഉത്സവമാണ്` കൊയ്ത്ത്. ആണും പെണ്ണും കുട്ടികളും മുതിര്‍ന്നവരും ഒക്കെ ഒരുപോലെ ഇടപെടുന്ന ആഘോഷം. കണ്ടം നിരത്ത്, നടീല്‍ , കൊയ്ത്ത്... എല്ലാം എല്ലാവരുടേയും ഉത്സവമാണ്`. പണിയെടുക്കുന്നവരുടെ ' ചവിട്ടുകളി ' ചവിട്ടുകളിയും അതിനുള്ള പാട്ടും... ദിവസങ്ങളോളം തുടര്‍ച്ചയായുള്ള കളിയുത്സവമാണ്`. വീറും വാശിയും ചുവടും പാട്ടും നിരന്നുനില്‍ക്കുന്ന നൂറുകണക്കിനു ആണും പെണ്ണും ചേര്‍ന്ന കളിക്കാരും... പൊടിപാറും പൂരപ്പറമ്പുകളില്‍. കളിയവസാനത്തിലും തീരാത്ത വീറും വാശിയും അടുത്ത പൂരപ്പറമ്പിലെ കളിക്ക് ബാക്കിവെക്കും. ഇക്കൊല്ലം തീരാത്തത് അടുത്തകൊല്ലത്തെ പൂരത്തിന്ന്... സജീവത നിറഞ്ഞുതുളുമ്പുന്ന കളിക്കളം.
കന്നുപൂട്ട് , കന്നുതെളി തുടങ്ങിയവയും ആവേശകരങ്ങളാണ്`. കന്നിനെ ആദ്യമായി പൂട്ടാന്‍ [ ഉഴാന്‍ ] കെട്ടുന്നതും പ്രധാനമാണ്`. പണിപഠിപ്പിക്കാന്‍ ആദ്യ ക്ളാസ്. കന്നുകുട്ടി വെറലിയെടുക്കും. പിടിച്ച് മെരുക്കുന്ന പരിപാടി വൈദഗ്ദ്ധ്യം വേണ്ടതാണ്`. ആദ്യക്ളാസ് കഴിഞ്ഞാല്‍ കന്നുകുട്ടിക്ക് നല്ല ഭക്ഷണം നല്കും. സവിശേഷമായി വളത്തുന്ന കന്നുകളെ 'തെളി 'ക്കുന്നതും ഉത്സവം തന്നെ. കന്നുതെളി ഇന്ന് കാളപൂട്ട് ആണ്`. നല്ല കന്നുകളും നല്ല ഊര്‍ച്ചക്കാരും സഹായികളും കൂടി കണ്ടത്തില്‍ ബലം, വേഗത, നിയന്ത്രണം... എന്നിവയുടെ ആഘോഷമാണ്`. നൂറുകണക്കിന്ന് കാണികള്‍ വരമ്പത്ത് നിലകൊള്ളും... ഉഷാറാക്കും.
കൊയ്ത്തുപാട്ടുകള്‍ ധാരാളമുണ്ടെങ്കിലും അതു പാടുന്ന അവസരങ്ങള്‍ കുറവാണ്`. ഉണ്ടെങ്കില്‍ തന്നെ വടക്കന്‍ പാട്ടുകളാണ്` പാടുക. കൊയ്ത്തിനും നടീലിനും സ്ത്രീ തൊഴിലാളികള്‍ വളരെ ലയമുള്ള ഒരീണത്തില്‍ ശബ്ദം താഴ്ത്തി [ അവര്‍ക്ക് പരസ്പരം കേള്‍ ക്കാന്‍ മാത്രം ] പാടാറുണ്ട്. ചങ്ങമ്പുഴയുടെ 'രമണന്‍' , അജ്ഞാതകവികളുടെ 'കവളപ്പാറ കൊമ്പന്‍ ' ' സരോജിനിയുടെ കടുംകൈ' തുടങ്ങിയവ പാടിക്കേട്ടിട്ടുണ്ട്.

No comments:

Post a Comment